1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2020

സ്വന്തം ലേഖകൻ: ലോകമാകെ കോവിഡിന്റെ ആശങ്കയില്‍ തുടരുന്നതിനിടെ വൈറസ് ബാധയുണ്ടായിട്ടും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവര്‍ രോഗബാധയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരുടെ എണ്ണത്തിലെ അസാധാരണത്വത്തെപ്പറ്റിയുള്ള പഠനത്തിലാണ് പുതിയ വിവരങ്ങള്‍. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മോണിക്ക ഗാന്ധി ആ വിഷയത്തില്‍ പഠനം നടത്തുകയാണ്.

കടുത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആളുകളുമായി അടുത്ത് ഇടപഴകുന്നവരില്‍ പലര്‍ക്കും വൈറസ് ബാധിച്ചിട്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്നതിനേപ്പറ്റിയാണ് പഠനം നടത്താനൊരുങ്ങുന്നത്. ജനിതകപരമായ എന്തെങ്കിലും സവിശേഷതയാണോ, അതോ ഇവര്‍ക്ക് കോവിഡിനെതിരെ സ്വാഭാവികമായും മുന്നെതന്നെ ഭാഗിക പ്രതിരോധ ശേഷിയുണ്ടായിരുന്നോ, അതോ ഇത്തരക്കാരില്‍ രോഗബാധയ്ക്ക് ഇടയാക്കുന്ന തരത്തില്‍ വൈറസ് ഡോസില്‍ വ്യത്യാസമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

ബോസ്റ്റണിലെ പാര്‍പ്പിടമില്ലാതെ അലഞ്ഞവര്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 147 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അവരില്‍ 88 ശതമാനം ആളുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്. ആര്‍ക്കിലെ ടൈസണ്‍ ഫുഡ്‌സ് പൗള്‍ട്രി പ്ലാന്റിലെ 481 പേരില്‍ വൈറസ് ബാധയുണ്ടായി. എന്നാല്‍ ഇവരില്‍ 95 ശതമാനം ആളുകള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവർ ആയിരുന്നു. കൂടാതെ ഒഹിയോ, വിര്‍ജീനിയ, നോര്‍ത്ത് കരോലിന തുടങ്ങി നിരവധി ഇടങ്ങളിലെ ജയിലുകളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 96 ശതമാനം ആളുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരായിരുന്നു.

ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ഗവേഷകരെ കൂടുതല്‍ പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നത്. വാക്‌സിന്‍ ഗവേഷണത്തിന് ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. വൈറസിന്റെ അതിവ്യാപനത്തെ ചെറുക്കാന്‍ ജനങ്ങളില്‍ സ്വാഭാവിക പ്രതിരോധം ആര്‍ജിച്ചെടുക്കാനായി വൈറസിന്റെ തീവ്രത കുറഞ്ഞതിനെ വികസിപ്പിച്ചെടുക്കാനും ഈ രഹസ്യത്തിന്റെ ചുരുളഴിക്കുന്നതിലൂടെ സാധിച്ചേക്കുമെന്നും ഇവര്‍ കരുതുന്നു.

രോഗലക്ഷണമില്ലാത്ത ആളുകളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നതിനെ നല്ലലക്ഷണമായാണ് മോണിക്ക ഗാന്ധി കാണുന്നത്. നിരവധി സൂചനകള്‍ വൈറസ് അവശേഷിപ്പിക്കുന്നു. ലോകത്ത് പലയിടത്തും വൈറസ് വ്യാപനത്തില്‍ വ്യത്യാസമുണ്ട്. കുട്ടികളില്‍ വളരെ കുറച്ച് മാത്രമേ വൈറസ് ആഘാതമുണ്ടാക്കുന്നുള്ളു.

നിലവില്‍ ലോകത്ത് വൈറസ് ബാധിച്ചവരില്‍ 40 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങളേ ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. നമ്മുടെ ഇടയിലുള്ള ആളുകളില്‍ പലര്‍ക്കും വൈറസിനെതിരെ സ്വാഭാവികമായി തന്നെ ഭാഗിക പ്രതിരോധ ശേഷിയുണ്ടായിരിക്കാമെന്ന തിയറിയും മോണിക്ക ഗാന്ധി മുന്നോട്ടുവെക്കുന്നു.

ഇതിന് കാരണം പ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ ടി- കോശങ്ങളാകാമെന്നാണ് ഇവര്‍ പറയുന്നത്. കുട്ടിക്കാലത്ത് നമുക്ക് ലഭിക്കുന്ന വിവിധ വാക്‌സിനേഷനുകളിലൂടെ ശരീരം ചില പ്രത്യേക കടന്നുകയറ്റക്കാരെ തിരിച്ചറിയാന്‍ പരിശീലനം നേടുന്നുണ്ടെന്നും ഇവര്‍ പറയുന്നു. അതുമല്ലെങ്കില്‍ കൊറോണ വൈറസിന്റെ കുടുംബത്തില്‍ പെട്ട മറ്റ് വൈറസ് രോഗങ്ങള്‍ ബാധിച്ചവര്‍ക്കും കോവിഡിനെതിരെ ഭാഗിക പ്രതിരോധശേഷി ആര്‍ജിച്ചിരിക്കാമെന്നും മറ്റ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും വിഷയത്തില്‍ വിശദമായ പഠനങ്ങള്‍ക്കാണ് ഗവേഷകര്‍ തയ്യാറെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.