1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2020

സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുുമെന്നാണ് അറിയുന്നത്.

സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂള്‍ തുറക്കുക. അതേയസമയം കൊവിഡ് വ്യാപന സാധ്യത കൂടി കണക്കിലെടുത്ത് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുക്കാനുള്ള അധികാരവും കേന്ദ്രം നല്‍കും.

ഓരോ മാസത്തിലേയും ആദ്യ 15 ദിവസം സ്‌കൂളിലെ 10,11,12 ക്ലാസുകളായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.

പ്രൈമറി, പ്രീ പൈമറി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ സ്‌കൂളിലെത്തിയാല്‍ കൊവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങള്‍ അറിയച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍.

അതേസമയം അസംബ്ലി, സ്‌പോര്‍ട്‌സ് പിരീഡ്, കായിക മത്സരങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ അനുവദിച്ചേക്കില്ല. സ്‌കൂളുകള്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തും.

രാവിലെ 8 മുതല്‍ 11 വരേയും 12 മുതല്‍ 3 വരെയുമാകും ഷിഫ്റ്റുകള്‍. ഇടവേളയായി ലഭിക്കുന്ന ഒരു മണിക്കൂര്‍ സ്‌കൂള്‍ സാനിറ്റൈസ് ചെയ്യാന്‍ അനുവദിക്കും. അധ്യാപക അനധ്യാപക ജീവനക്കാരില്‍ 33 ശതമാനം മാത്രമാകും ഒരു സമയം അനുവദിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

കൊവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് നേരത്തെ തന്നെ അനുമതി തേടിയിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്ന്ന യോഗം ചര്‍ച്ച ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.