1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2021

സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുകയാണ്. തിയറ്ററുകളിലെത്താൻ തയ്യാറായി ഇരിക്കുന്നത് 80–ഓളം മലയാള ചലച്ചിത്രങ്ങളാണ്. പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളെല്ലാം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ഇവ. ജയസൂര്യ നായകനായെത്തുന്ന ചിത്രം വെള്ളം ഉടൻ തന്നെ റിലീസ് ചെയ്യാൻ സന്നദ്ധരാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചതായി മനോരമ ന്യൂസ് ‍ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.

ക്യാപ്റ്റൻ സിനിമയുടെ സംവിധാകൻ പ്രജേഷ് സെൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. കണ്ണൂർ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മദ്യപാനിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സിനിമ വ്യവസായ രംഗത്തെ കൊവിഡ് കാല പ്രതിസന്ധികളിൽ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്ക്കും ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് ജോസ്ക്കുട്ടി മഠത്തിൽ പറയുന്നു. ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായതാണ്.

മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാര്‍‌ച്ച് 26–ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍. മരയ്ക്കാറിന്റെ റിലീസ് പ്രഖ്യാപനം മലയാള സിനിമാമേഖലയ്ക്ക് പുനരുജ്ജീവനം നൽകും എന്നതിൽ സംശയമില്ല. മരയ്ക്കാർ റിലീസ് പ്രഖ്യാപനം മോഹൻലാൽ ആരാധകരെ മാത്രമല്ല, മലയാള സിനിമാ പ്രേമികളെ ഒന്നാകെ ആവേശത്തിലാക്കുന്നതാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.

മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. പൂർത്തിയാക്കിയ ബിഗം ബജറ്റ് സിനിമകൾ ഉടൻ റിലീസിനെത്തില്ല. പൊങ്കലിന് വിജയ് നായകനായ മാസ്റ്റർ തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്നുണ്ട്. ചിലപ്പോൾ പുതിയ സാഹചര്യത്തിൽ കേരളത്തിലും റിലീസ് ചെയ്തേക്കാം.

തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ, മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ ന്റെ ഒടിടി (ഓവർ ദ് ടോപ്) റിലീസ് സംബന്ധിച്ചു ചലച്ചിത്ര ലോകത്ത് അവ്യക്തത. ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നു ടീസർ റിലീസ് ചെയ്ത മോഹൻലാലാണ് ഇന്നലെ രാവിലെ സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. ഈ മാസം അവസാനമോ ഫെബ്രുവരിയിലോ റിലീസ് ചെയ്യുമെന്നായിരുന്നു സൂചനകൾ. എന്നാൽ, തിയറ്ററുകൾ 5 മുതൽ തുറക്കാമെന്നു വൈകിട്ടു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഒടിടി റിലീസ് തീരുമാനത്തിൽ മാറ്റം വരുമോയെന്നു വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.