1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുറത്ത്. പുതിയ നിർദേശങ്ങൾ പ്രകാരം സ്പെയിനിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. സ്പെയിനിൽ കൊറോണയുടെ രണ്ടാം തരംഗമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുകെ സർക്കാരിന്റെ നടപടി.

900 ൽ അധികം പുതിയ വൈറസ് കേസുകൾ സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ രണ്ടാമത്തെ തരംഗം ഏതു നിമഷവും സംഭവിക്കാമെന്ന് സ്പാനിഷ് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം പുതിയ നടപടി ബ്രിട്ടീഷ് ഹോളിഡേ മേക്കർമാർക്ക് കനത്ത തിരിച്ചടിയാണെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ പ്രതികരിച്ചു. ഉപഭോക്തൃ അവകാശ മാസികയുടെ എഡിറ്റർ റോറി ബോളണ്ട്, സ്പെയിനിൽ വേനലവധിയ്ക്കായി പതിനായിരക്കണക്കിന് ബ്രിട്ടീഷുകാർ പോകുന്നതിന് 48 മണിക്കൂർ മുമ്പ് സർക്കാർ തീരുമാനം എടുക്കാത്തതിനെ വിമർശിച്ചു.

അവധിക്കാലം ആഘോഷിക്കാൻ പോയവർ 14 ദിവസത്തെ ക്വാറന്റൈൻ വേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ യാത്ര ചെയ്യുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്‌പെയിനിൽ അവധിക്കാലം ആഘോഷിക്കുന്ന ആളുകളോട് പ്രാദേശിക നിയമങ്ങൾ പാലിക്കാനും സാധാരണപോലെ നാട്ടിലേക്ക് മടങ്ങാനും കൂടുതൽ വിവരങ്ങൾക്ക് വിദേശകാര്യ ഓഫീസിലെ യാത്രാ ഉപദേശ വെബ്‌സൈറ്റ് പരിശോധിക്കാനും ഗതാഗത വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

സ്പെയിനിലേക്കുള്ള അവശ്യ യാത്രയൊഴികെ മറ്റു യാത്രകൾ ഉപേക്ഷിക്കണമെന്ന് വിദേശകാര്യ കാര്യാലയം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാനറി ദ്വീപുകൾ, ബലേറിക് ദ്വീപുകളായ മജോർക്ക, ഐബിസ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്കും ക്വാറന്റൈൻ ബാധകമാണ്.

കൊറോണയെ പിടിക്കാൻ യുകെ ബസുകളിൽ എയർ പ്യൂരിഫയറുകൾ

ബ്രിട്ടനിൽ പൊതുഗതാഗതത്തിനുള്ള ബസുകളിൽ എയർ പ്യൂരിഫയറുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് സർക്കാർ. കോവിഡ്​ വായുവിലൂടെ പടരുന്നത്​ തടയാനാണ്​ വലിയ ചിലവിൽ പുതിയ പദ്ധതി നിലവിൽ കൊണ്ടുവരുന്നത്​. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ്​ മുക്​തമാക്കാനും പ്രദേശിക തലം മുതൽ ബസുകളിൽ ഇത്തരത്തിൽ എയർ ഫിൽട്ടറുകൾ സ്ഥാപിക്കുന്നുണ്ട്​. വായുമലിനീകരണം കുറക്കാനുള്ള ഉപകരണങ്ങൾ നിർമിക്കുന്ന എയർലാബ്​സ്​ എന്ന കമ്പനിയാണ്​ ബസുകൾക്കുള്ള എയർ ഫിൽട്ടറുകളും നിർമിക്കുന്നത്​.

മാരകമായ വൈറസുകളും അണുക്കളും ഉൾപ്പെടെ വായുവിലുള്ള 95 ശതമാനം കണികാ പദർഥങ്ങളും എയർ ബബ്​ൾ (AirBubbl) ഫിൽട്ടർ എന്ന്​ പേരായ ഉപകരണം ഫിൽട്ടർ ചെയ്​ത്​ കളയും.​ ഇതിലൂടെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാവുകയും ചെയ്യും. നിലവിൽ പ്രദേശികമായി ബസുകളിൽ ഫിൽട്ടറുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്​. ഭാവിയിൽ ഇത്​ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ സർക്കാർ.

കൊവിഡ് ബ്രിട്ടനിൽ അതി രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിന്റെ കൂടുതൽ വാർത്തകളും പുറത്തു വരുന്നുണ്ട്. മാഞ്ചസ്റ്ററിലെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റിന്റെ ഒഴിവിലേക്ക് ഒറ്റദിവസംകൊണ്ട് അപേക്ഷ സമർപ്പിച്ചത് 963 പേരാണ്. സാധാരണ 30 അപേക്ഷകൾ ലഭിക്കുന്ന സ്ഥാനത്താണ് ഓവർ ക്വാളിഫൈഡായ നൂറുകണക്കിനാളുകൾ ജോലിക്കായി അപേക്ഷിച്ചത്.

അതിനിടെ ബ്രിട്ടനിൽ ഇൻഡോർ ജിമ്മുകളും സ്വിമ്മിംങ് പൂളുകളും തുറന്നു പ്രവർത്തിപ്പിച്ചു തുടങ്ങി. നാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവയുടെ പ്രവർത്തനങ്ങൾ ഭാഗികമായി പുന:രാരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.