1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്.

കോവിഡ് -19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ പിന്തുണച്ചു. ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ന് തുടങ്ങുന്ന 73ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വിഷയത്തിന്റെ കരട് പ്രമേയം മുന്നോട്ടുവെക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്.

“കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് ‘നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ’ അന്വേഷണം വേണം. അതു കൂടാതെ ലോകാരോഗ്യ സംഘടനയുടെ ‘കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട സമയബന്ധിതമായ നടപടികളെക്കുറിച്ചും അന്വേഷണം നടത്തണം”, കരട് ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും പെട്ടെന്നുള്ള സമയത്ത് തന്നെ കാര്യങ്ങള്‍ തുടങ്ങേണ്ടതുണ്ട്. അംഗരാജ്യങ്ങളോടാലോചിച്ച് പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം. ലോകാരോഗ്യസംഘടന എടുത്ത കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തണം എന്നും കരട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണവും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് കഴിഞ്ഞ മാസം ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയെ തന്നെ അനുവദിക്കുന്നത്‌ “വേട്ടക്കാരനെയും ഗെയിംകീപ്പറെയുമാണ്” ഓര്‍മ്മിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.

”ഇനിയൊരു മഹാമാരിയെ തടയുന്നതിനോ പ്രതിരോധിക്കുന്നതിനോ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനോ അന്താരാഷ്ട്ര സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള സഹകരണമാണിത്,” മാരിസ് പെയ്‌നെ ഉദ്ധരിച്ച് എബിസി പറഞ്ഞു.

എന്നാൽ രോഗവ്യാപനം ആദ്യമായുണ്ടായ ചൈനയെയോ വുഹാന്‍ നഗരത്തെയോ കുറിച്ച് പ്രമേയം പരാമര്‍ശിച്ചില്ല. ജപ്പാന്‍, യുകെ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്റെ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.