1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2021

സ്വന്തം ലേഖകൻ: തുടർച്ചയായ ലോക്ഡൗണുകളുടെ പശ്ചാത്തലത്തിൽ ഈ വർഷവും ഇംഗ്ലണ്ടിൽ ജിസിഎസ്ഇ, എ-ലെവൽ, പരീക്ഷകൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പാർലമെന്റിൽ അറിയിച്ചു. കുട്ടികളുടെ പഠനനിലവാരവും ഇന്റേണൽ അസസ്മെന്റും പരിഗണിച്ച് വർഷാവസാനം അധ്യാപകർ തന്നെ ഗ്രേഡ് നിശ്ചയിക്കും.

കഴിഞ്ഞ വർഷത്തെ ദുരനുഭവം പരിഗണിച്ച് ഗ്രേഡിങ്ങിന് കംപ്യൂട്ടർ സഹായത്തോടെയുള്ള അൽഗൊരിതം അടിസ്ഥാനമാക്കില്ല. ടെസ്റ്റിങ്ങും വാക്സിനേഷനും ഊർജിതമാക്കി എത്രയും വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ പരീക്ഷകൾ നടത്തുന്നില്ലെന്ന് പ്രാദേശിക ഭരണകൂടങ്ങൾ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങൾ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് –നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള ആലോചനയിലാണ് സർക്കാർ. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രം ബ്രിട്ടനിലേക്ക് യാത്രചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് ഗതാഗത മന്ത്രാലയം എയർലൈനുകൾക്കും ട്രെയിൻ കമ്പനികൾക്കും നിർദേശം നൽകും. എന്നാൽ ഈ നിബന്ധനയിൽ നിന്നും നിലവിൽ രാജ്യത്തിനു വെളിയിലുള്ള ബ്രിട്ടീഷ് പൗരന്മാരെ ഒഴിവാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ കൂടി തീരുമാനമുണ്ടായാലുടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാഴാഴ്ചകളിൽ വൈകിട്ട് രാജ്യമൊട്ടാകെ ബ്രിട്ടീഷ് ജനത നടത്തിയ കൈയടി ലോകശ്രദ്ധ നേടിയിരുന്നു. ലോക്ഡൗണിന്റെ പുതിയ സാഹചര്യത്തിൽ വ്യാഴം മുതൽ ഈ ഐക്യദാർഢ്യ പ്രകടനം വീണ്ടും തുടങ്ങും.

ലോക്ക്ഡൗണിന്റെ രണ്ടാംദിവസം ബ്രിട്ടനിൽ മരിച്ചത് 1041 പേരാണ്. പുതുതായി രോഗികളായത് 62,322 പേരും. കൊവിഡ് രോഗികളെക്കൊണ്ട് ആശുപത്രികളെല്ലാം നിറഞ്ഞു കഴിഞ്ഞു. 30,074 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിന്റെ പതിൻമടങ്ങാണ് ആശുപത്രിയെ ആശ്രയിക്കാതെ വീടുകളിൽ കഴിയുന്ന രോഗികളെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.