1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിതരണം ഉടന്‍. വാക്‌സിനുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ, നാളെ ആയി എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിനുകള്‍ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനുകള്‍ പുണെയില്‍ നിന്നാകും എത്തുക.

ഉത്തരേന്ത്യയില്‍ ഡല്‍ഹിയും കര്‍ണാലും മിനി ഹബ്ബുകളാക്കും. കിഴക്കന്‍ മേഖലയില്‍ കൊല്‍ക്കത്തയിലാകും പ്രധാന വിതരണ കേന്ദ്രം, വടക്കു കിഴക്കന്‍ മേഖലയുടെ നോഡല്‍ പോയിന്റ് ഇതായിരിക്കും. ചെന്നൈയും ഹൈദരാബാദുമാണ് ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇതിനിടെ രാജ്യവ്യാപകമായി നാളെ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്താനിരിക്കെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. വാക്‌സിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന അധികാരികളോട് മന്ത്രി ആവശ്യപ്പെട്ടു.

‘ആദ്യ ഘട്ടത്തില്‍ നാല് സംസ്ഥാനങ്ങളില്‍ നടത്തിയ ഡ്രൈ റണ്ണിന്റെ പ്രതികരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പുരോഗതി വരുത്തേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. നാളെ 33 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡ്രൈ റണ്‍ നടത്തും’ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.

വാക്‌സിന്‍ കുത്തിവെക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും കുത്തിവെച്ച വ്യക്തിയെ അരമണിക്കൂര്‍ നിരീക്ഷിക്കേണ്ടതടക്കമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഷീല്‍ഡും കോവാക്‌സിനും രാജ്യത്ത് ലഭ്യമാകുന്നതിന്റെ അവസാനഘട്ടത്തിലാണ്. തടസ്സമില്ലാതെ വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെ വലിയ രീതിയില്‍ കേസുകള്‍ വര്‍ദ്ധിച്ചു. കൊവിഡ് മുന്‍കരുതലുകള്‍ മറക്കരുതെന്നും അതിനെതിരായ പോരാട്ടം തുടരേണ്ടതുണ്ടെന്നും ഇത് മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച വിദഗദ്ധ സമിതിയുടെ നിര്‍ദേശമനുസരിച്ച് വാക്‌സിനേഷന്‍ ചില മുന്‍ഗണനാ ഗ്രൂപ്പുകളുണ്ടെന്നും ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.

എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍

ഉത്തര്‍പ്രദേശിലും ഹരിയാണയിലുമൊഴികെ രാജ്യത്തെ എല്ലാ ജില്ലകളിലും നാളെ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. ജനുവരി അഞ്ചിന് ഉത്തര്‍പ്രദേശിലുടനീളം ഡ്രൈ റണ്‍ നടത്തിയതാണ്. ഹരിയാണയില്‍ ഇന്നും നടക്കുന്നു. ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ മറ്റു തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാകും ഡ്രൈ റണ്‍ നടത്തുക.

1.7 ലക്ഷത്തോളം വാക്‌സിനേറ്റര്‍മാര്‍ക്കും മൂന്ന് ലക്ഷം വാക്‌സിനേഷന്‍ ടീം അംഗങ്ങള്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പിന്തുടരേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. ഗുണഭോക്തൃ പരിശോധന, വാക്‌സിനേഷന്‍, കോള്‍ഡ് ചെയിന്‍ & ലോജിസ്റ്റിക് മാനേജ്‌മെന്റ്, ബയോ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം, എഇഎഫ്‌ഐ മാനേജ്‌മെന്റ്, കോ-വിന്‍ സോഫ്റ്റ്‌യറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് എന്നിവ ഉള്‍പ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ജനുവരി രണ്ടിന് 125 ജില്ലകളിലായി 286 കേന്ദ്രങ്ങളിലാണ് രാജ്യത്ത് ആദ്യ ഘട്ട ഡ്രൈ റണ്‍ നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.