1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2021

സ്വന്തം ലേഖകൻ: ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ഭരണമൊഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി വീണ്ടും പ്രഖ്യാപിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്. 2015ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ക്യൂബയെ ഒഴിവാക്കിയത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനാലാണ് ക്യൂബയെ വീണ്ടും എസ്.എസ്.ടി. പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. എസ്.എസ്.ടി. പട്ടികയില്‍ ആയതോടെ ക്യൂബയുമായി ചില വ്യാപാര ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും മേല്‍ പിഴ ചുമത്തുക, അമേരിക്ക നല്‍കുന്ന സഹായങ്ങളില്‍ നിയന്ത്രണം കൊണ്ടുവരിക, പ്രതിരോധ കയറ്റുമതിയും വില്‍പനയും നിരോധിക്കുക തുടങ്ങിയ നടപടികളും അമേരിക്ക കൈക്കൊള്ളും.

രാജ്യത്തെ ജനങ്ങളില്‍ പലരും ദാരിദ്ര്യത്തിലും ഭവനരഹിതരായും അവശ്യമരുന്നുകളുടെ അഭാവത്തിലും ജീവിക്കുമ്പോള്‍, കൊലപാതകികള്‍ക്കും ബോംബ് നിര്‍മാതാക്കള്‍ക്കും മറ്റും ക്യൂബ ഭക്ഷണവും താമസസൗകര്യവും ചികിത്സാസൗകര്യങ്ങളും ഒരുക്കുകയാണെന്നും പോംപിയോ ആരോപിച്ചു.

ഹവാനയില്‍ താമസിക്കുന്ന നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ പത്ത് നേതാക്കളെ കൈമാറണമെന്ന കൊളംബിയയുടെ ആവശ്യം ക്യൂബ നിരസിച്ചതായും അമേരിക്ക ചൂണ്ടിക്കാണിച്ചു. അമേരിക്ക വിദേശ ഭീകര സംഘടനകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൂട്ടായ്മയാണ് നാഷണല്‍ ലിബറേഷന്‍ ആര്‍മി.

ട്രംപ് ഭരണകൂടം അവസാന നിമിഷം നടപ്പാക്കിയ ഈ നയമാറ്റം ജോ ബൈഡന് പ്രതിസന്ധിയാകും. 1982 ൽ യുഎസ് പ്രസിഡന്റ് റൊണാൾഡ് റെയ്ഗൻ ക്യൂബയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് നീണ്ട വർഷങ്ങൾക്കു ശേഷം 2015ൽ ഒബാമ സര്‍ക്കാര്‍ ക്യൂബയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 2015ല്‍ ഹവാനയുമായി വാഷിങ്ടൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ക്യൂബയുമായുള്ള വ്യാപാരം, സഹായം, സൈനിക സഹായം എന്നിവയടക്കമുള്ള ബന്ധം ഉലയ്ക്കുന്നതാണ് ട്രം‌പിന്റെ പുതിയ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.