1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2020

സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂപ്പർ സൈക്ലോണായി ‘ഉംപുൺ’ (Amphan). മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് ബംഗാൾ ഉൾക്കടലിൽ ഈ ചുഴലിക്കൊടുങ്കാറ്റിന്‍റെ വേഗത. ചുഴലിക്കാറ്റുകളുടെ ഗണത്തിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പർ സൈക്ലോൺ എന്ന് പറയുന്നത്.

അതിവേഗത്തിലാണ് ഉംപുൺ കരുത്താർജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉംപുൺ തീരം തൊടുമെന്നാണ് കണക്കുകൂട്ടൽ. പശ്ചിമബംഗാൾ, ഒഡിഷ തീരങ്ങളിൽ നിന്ന് 15 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. കര തൊടുമ്പോഴും 200 കിലോമീറ്ററോളം വേഗത്തിൽ ഉംപുൺ ആഞ്ഞ് വീശിയേക്കാമെന്നാണ് കണക്കുകൂട്ടൽ.

ഉംപുണിന്‍റെ പ്രഭാവത്തിൽ ഒഡിഷ, പശ്ചിമ ബംഗാൾ, സിക്കിം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ മെയ്‌ 21 വരെ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന്‍റെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഈ രണ്ട് മേഖലകൾക്കിടയിൽത്തന്നെ ഉംപുൺ ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടൽ. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.

തമിഴ്നാട്ടിലെ രാമേശ്വരത്ത് കടൽത്തീരത്ത് നിർത്തിയിട്ടിരുന്ന 200-ഓളം ബോട്ടുകൾ തകർന്നു. കർണാടകയുടെ പല മേഖലകളിലും ശക്തമായ മഴയുണ്ട്. ഒഡിഷയിൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കും മുഖ്യമന്ത്രി നവീൻ പട്നായിക് നേതൃത്വം നൽകുന്നത്.

”ഈ വർഷം കൊറോണവൈറസിന്‍റെ ഭീഷണി കൂടി നിലനിൽക്കുന്നതിനാൽ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാർപ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തിൽ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്കൂൾ, കോളേജ് കെട്ടിടങ്ങളാണ്,” ഒഡിഷയിലെ ദുരിതാശ്വാസപ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്പെഷ്യൽ ഓഫീസർ പ്രദീപ് ജെന അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയിൽ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരിൽ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും.

ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു. ജഗത് സിംഗ് പൂരിന് പുറമേ, ഒഡിഷയിലെ പുരി, കേന്ദ്രപാഡ, ബാലാസോർ, ജാപൂർ, ഭാദ്രക്, മയൂർഭാജ് എന്നിവിടങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും കാറ്റിന്‍റെ പ്രഭാവത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും.

പശ്ചിമബംഗാളിൽ നോർത്ത്, സൗത്ത് പർഗാനാസ്, കൊൽക്കത്ത, ഈസ്റ്റ, വെസ്റ്റ് മിദ്നാപൂർ, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.