1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2020

സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ഉംപുന്‍ വീശിയടിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ ഏഴ്, ഈസ്റ്റ് മിദിനപുറില്‍ ആറ്, ഹൂഗ്ലിയില്‍ രണ്ട് എന്നിങ്ങനെയാണ് മരണം.

കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മമത പറഞ്ഞു. നാശനഷ്ടം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാന്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടു.

“നിലവിലെ സ്ഥിതിഗതികള്‍ ശരിയല്ല, ഞാന്‍ പ്രധാനമന്ത്രിയോട് സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഞാന്‍ ഹെലികോപ്ടറില്‍ നാശനഷ്ടം വിലയിരുത്തും,” മമത പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നിന്നുള്ള ദശ്യങ്ങള്‍കണ്ടു. ഈ വെല്ലുവിളി നിറഞ്ഞ മണക്കൂറില്‍ രാജ്യം മുഴുവന്‍ പശ്ചിമ ബംഗാളിനൊപ്പമുണ്ടെന്നും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയിലും ബംഗ്ലാദേശിലുമായി 84 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബംഗാളിലെ കിഴക്കന്‍ മദിനിപുര്‍ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയത്.

മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഒഡിഷ തീരത്തും വന്‍നാശം സംഭവിച്ചു. ഇരു സംസ്ഥാനത്തുമായി ഏഴു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കൊല്‍ക്കത്ത വിമാനത്താവളം അടക്കം വെള്ളത്തില്‍ മുങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.