1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2019

സ്വന്തം ലേഖകൻ: ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയർമാൻ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 ജീവനുകളെ. അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനത്തിനിടെ കാലുകൾക്കു പരുക്കേറ്റ് ഡൽഹി ഫയർ സർവീസിലെ ഉദ്യോഗസ്ഥനായ ശുക്ലയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.

ഡൽ‌ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ൻ ആശുപത്രിയിലെത്തി രാജേഷ് ശുക്ലയെ കണ്ടു. ‘അദ്ദേഹമൊരു യഥാർഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയർമാനാണ് രാജേഷ് ശുക്ല. 11 ജീവനുകളെ രക്ഷിച്ചു. പരുക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിർവഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു’– സത്യേന്ദ്ര ജെയ്ൻ ട്വീറ്റ് ചെയ്തു. വടക്കൻ ഡൽഹിയിലെ ഫാക്ടറിയിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന 43 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്തു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 63 പേരെ കെട്ടിടത്തിൽനിന്നു രക്ഷിച്ചു.

പരുക്കേറ്റവരിൽ രണ്ട് അഗ്നിശമന സേന ഉദ്യോഗസ്ഥരുമുണ്ട്. അപകടമുണ്ടായ കെട്ടിടത്തിന് അഗ്നിരക്ഷാസേന വിഭാഗത്തിൽനിന്നുള്ള എൻഒസി ഉണ്ടായിരുന്നില്ലെന്നാണു വിവരം. ഇടുങ്ങിയ പ്രദേശത്തുകൂടിയുള്ള രക്ഷാപ്രവർത്തനവും ഏറെ ദുഷ്കരമായി. ജനൽ ഗ്രില്ലുകൾ മുറിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനത്തിനായി ഉദ്യോഗസ്ഥർ കെട്ടിടത്തിലേക്കു പ്രവേശിച്ചത്.

തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ ജീവനുകള്‍ പൊലിയാനുള്ള സാഹചര്യമുണ്ടായിരുന്നു. ഇങ്ങനെയൊരു ആപത്ഘട്ടത്തില്‍ 11 ജീവനുകള്‍ക്ക് രക്ഷാകവചമൊരുക്കിയത് രാജേഷ് ശുക്ലയെന്ന ഫയര്‍മാനാണ്. നിരവധി പേരാണ് രാജേഷ് ശുക്ലയെന്ന ഫയര്‍മാന്റെ അസാമാന്യ ധീരതയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

തിപിടിത്തമുണ്ടായ പേപ്പര്‍ ഫാക്ടറിയില്‍ ആദ്യം കയറിയതും 11 പേരെ രക്ഷിച്ചതും രാജേഷ് ശുക്ലയാണെന്ന് ഡല്‍ഹിയിലെ മന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ സത്യേന്ദര്‍ ജെയിന്‍ ട്വീറ്റ് ചെയ്തു. രാജേഷ് ശുക്ലയാണ് യഥാര്‍ഥ ഹീറോയെന്നും മന്ത്രി പറയുന്നു. എല്ലിന് പരുക്കേല്‍ക്കുന്ന നിമിഷം വരെ രാജേഷ് കര്‍മനിരതനായിരുന്നു എന്നും അദ്ദേഹത്തിന്റെ അസാമാന്യ ധീരതയ്ക്ക് സല്യൂട്ട് നല്‍കുന്നു എന്നും സത്യേന്ദര്‍ പറഞ്ഞു.

തീപ്പിടിത്തമുണ്ടായ ബാഗ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ റേഹാനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മാനേജറും അറസ്റ്റിലായി. കെട്ടിടം ഉടമയ്‌ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.