1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2020

സ്വന്തം ലേഖകൻ: കൊവിഡ് മാനദണ്ഡങ്ങൾ കടുപ്പിച്ച് യുഎഇ. മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കിയതോടെ മലയാളികളടക്കം നിരവധി ആളുകൾക്ക് 3000 ദിർഹം വീതം (60,000 രൂപ) പിഴ കിട്ടി. മാസ്ക് ധരിക്കാതെ ജോലി ചെയ്യുകയും പൊതു സ്ഥലത്ത് എത്തുകയും ചെയ്തതിനാണ് പിഴ. വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ മാസ്ക് ധരിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് പൊലീസ് പറഞ്ഞു.

അബുദാബി നഗരത്തിനു പുറമെ മുസഫ വ്യവസായ മേഖല, മുസഫ ഷാബിയ, ബനിയാസ്, അൽ വത്ബ, അൽദഫ്റ, അൽഐൻ എന്നിവിടങ്ങളിലെല്ലാം പരിശോധന വ്യാപകമാക്കി. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും നിയമം കർശനമാക്കിയിട്ടുണ്ട്.മാസ്ക് കഴുത്തിലേക്കു ഇറക്കിയിട്ട് വിവിധ ജോലിയിൽ ഏർപ്പെട്ടവർക്കും പിഴ ലഭിച്ചു.

ജോലിസ്ഥലത്ത് കൊവിഡ് നിയമങ്ങൾ ലംഘിക്കുന്ന യു.എ.ഇ.യിലെ സർക്കാർജീവനക്കാരുടെ ശമ്പളം കുറയ്ക്കുമെന്ന് മുന്നറിയിപ്പ്. നിയമലംഘനം കണ്ടെത്തിയാൽ മൂന്ന് ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. കൂടാതെ കനത്തപിഴയും ഈടാക്കും.

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനും ജീവനക്കാരിൽ അവബോധം വളർത്തിയെടുക്കാനുമാണ് ഈ നീക്കം. ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സസ് എല്ലാ മന്ത്രാലയങ്ങൾക്കും ഇതുസംബന്ധിച്ച സർക്കുലർ നൽകി.

മുൻകരുതൽ നടപടികൾ പാലിക്കണമെന്നും അഭ്യർഥിച്ചു. തൊഴിലിടങ്ങളിൽ ജീവനക്കാർ പാലിച്ചിരിക്കേണ്ട 12 കൊവിഡ് സുരക്ഷാ മുന്നറിയിപ്പുകളെക്കുറിച്ചും അധികൃതർ ഓർമപ്പെടുത്തി. ഷെയ്ക്ക് ഹാൻഡ് നൽകിയാൽ പിഴയീടാക്കും. സാമൂഹിക ഒത്തുചേരലുകൾ പാടില്ല. ആളുകൂടിയാൽ, മുഖാവരണം ധരിക്കാതിരുന്നാൽ, രോഗലക്ഷണങ്ങളുള്ളവർ കൊവിഡ് പരിശോധന നടത്താതിരുന്നാലും നടപടിയുണ്ടാകും.

രോഗലക്ഷണമുള്ള ജീവനക്കാരനു വേണ്ട സംരക്ഷണം നൽകാതിരുന്നാൽ തൊഴിലുടമയ്ക്ക് എതിരേയും നടപടിയെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്ന സാഹചര്യത്തിലാണ് യു.എ.ഇ. നടപടി കടുപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.