1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2019

സ്വന്തം ലേഖകൻ: ഒറ്റക്കാലില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ പര്‍വതമായ കിളിമഞ്ജാരോ കീഴടക്കി മലയാളി യുവാവ്. നീരജ് ജോര്‍ജ് ബേബി (32) എന്ന കൊച്ചി സ്വദേശിയാണ് തന്‍റെ സ്വപ്നം സഫലമാക്കിയത്. കിളിമഞ്ജാരോയുടെ നെറുകയിലെത്തിയ ശേഷം നീരജ് ഫേസ്ബുക്കില്‍ ഹൃദയം തൊടുന്ന കുറിപ്പുമെഴുതി. കിഴക്കന്‍ ആഫ്രിക്കയിലെ താന്‍സാനിയയിലാണ് കിളിമഞ്ജാരോ സ്ഥിതി ചെയ്യുന്നത്.

എട്ടാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഇടതുകാല്‍ നഷ്ടമായി. എന്നാല്‍, നീരജ് തളര്‍ന്നില്ല. വീണ്ടും തന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര തുടര്‍ന്നു. ഒടുവില്‍, 19,341 അടി ഉയരമുള്ള പര്‍വത മുകളില്‍ തന്‍റെ ആത്മവിശ്വാസത്തിന്‍റെ കൊടിനാട്ടി. സുഹൃത്തുക്കളായ ശ്യാം ഗോപകുമാര്‍, ചാന്ദ്നി അലക്സ്, സിജോ, അഖില, പോള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സാഹസിക യാത്ര. ഒക്ടോബര്‍ 10നായിരുന്നു കിളിമഞ്ജാരോ കയറി തുടങ്ങിയത്. കൃത്രിമക്കാല്‍ ഇല്ലാതെ, ക്രച്ചര്‍ ഉപയോഗിച്ചാണ് നീരജ് കൊടുമുടി കയറിയത്.

നൈനിറ്റാളിലെ നൈന കൊടുമുടി, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ പക്ഷിപാതാളം, കുറിഞ്ഞിമല, മൂന്നാറിലെ മലനിരകള്‍ എന്നിവയാണ് നീരജ് മുമ്പ് കയറിയ മലകള്‍. ഏറ്റവും കുറഞ്ഞ സമയത്തില്‍ കിളിമഞ്ജാരോ കയറിയ ഭിന്നശേഷിക്കാരന്‍ എന്ന റെക്കോര്‍ഡാണ് നീരജിന്‍റെ ലക്ഷ്യം. 2015 ജര്‍മനിയില്‍ നടന്ന പാരാ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് പങ്കെടുത്തിട്ടുണ്ട്.

2012ല്‍ ഫ്രാന്‍സിലെ ഓപ്പണ്‍ പാരാ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ചാമ്പ്യനായി. മറ്റ് കായിക മത്സരങ്ങളിലും നീരജ് മികവ് കാട്ടിയിട്ടുണ്ട്. ആലുവ സ്വദേശിയായ പ്രൊഫസര്‍ സി എം ബേബിയുടെയും പ്രൊഫസര്‍ ഷൈലാ പാപ്പുവിന്‍റെയും മകനാണ് നീരജ്. ബയോ ടെക്നോളജിയില്‍ പി ജി ബിരുദധാരിയായ നീരജ് കൊച്ചി അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍ ജോലി ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.