1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2019

സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ ഗുരുതരാവസ്ഥയിലായ വയോധികന്റെ മൂത്രം വലിച്ചെടുത്തു ജീവൻ രക്ഷിച്ച് ഡോക്ടര്‍. ചൈനാ സൗത്തേൺ എയർവെയ്സിന്റെ ഗ്യാങ്ഷു– ന്യൂയോർക്ക് യാത്രാ വിമാനത്തിലാണു കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. വിമാനം ആറു മണിക്കൂറിലധികം വൈകിയതിനു പിന്നാലെയാണ് യാത്രക്കാരന് ആകാശത്തുവച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.
തുടർന്ന് യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ക്യാബിന്‍ ക്രൂ അറിയിച്ചു.

മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്നും വയോധികൻ വിമാനത്തിലെ ഉദ്യോഗസ്ഥരോടു പറഞ്ഞു. രോഗിക്കു കിടക്ക ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയ ശേഷം ക്യാബിന്‍ ക്രൂ യാത്രക്കാരിൽ ഡോക്ടറുണ്ടെങ്കിൽ സഹായിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു രക്ഷകനായി ഡോ. സാങ്ങിന്റെ രംഗപ്രവേശം. ഡോക്ടർ പരിശോധിച്ചപ്പോൾ രോഗിയുടെ മൂത്രസഞ്ചിയിൽ ഒരു ലിറ്ററിനടുത്ത് മൂത്രം കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.

മൂത്രസഞ്ചിക്കു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ എത്രയും പെട്ടെന്നു മൂത്രം പുറത്തെത്തിക്കണമായിരുന്നു. തുടര്‍ന്ന് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഡോക്ടർ സാങ് വിമാനത്തില്‍വച്ചു തന്നെ ഒരു ഉപകരണമുണ്ടാക്കി. ഓക്സിജൻ മാസ്ക്്, സിറിഞ്ച് സൂചി, ബോട്ടിൽ പാലിന്റെ കുഴല്‍, ടേപ് എന്നിവ ഉപയോഗിച്ചായിരുന്നു ഡോക്ടറുടെ പരീക്ഷണം. സിറിഞ്ച്് ഉപയോഗിച്ച് മൂത്രം പുറത്തെത്തിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. തുടര്‍ന്നു മൂത്രം വായ ഉപയോഗിച്ചു വലിച്ചെടുക്കാൻ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. മൂത്രത്തിന്റെ അളവു നിയന്ത്രിച്ചു പുറത്തെത്തിക്കാൻ ഇതായിരുന്നു ഏറ്റവും മികച്ച മാർഗമെന്നാണ് ഡോക്ടർ സാങ് പറയുന്നത്.

37 മിനിറ്റിനുള്ളിൽ 700 മുതല്‍ 800 മില്ലിലീറ്റർ വരെ മൂത്രമായിരുന്നു ഇങ്ങനെ ഡോക്ടർ പുറത്തെത്തിച്ചത്. ട്യൂബ് ഉപയോഗിച്ചു മൂത്രം വലിച്ചെടുത്ത ശേഷം കപ്പിലേക്കു തുപ്പിക്കളഞ്ഞാണു ഡോക്ടര്‍ വയോധികനെ രക്ഷിച്ചത്. രോഗിയുടെ അവസ്ഥ അറിയാൻ പുറത്തെടുത്ത മൂത്രം മുഴുവൻ ക്യാബിൻ ക്രൂ പാത്രത്തില്‍ ശേഖരിച്ചു. തുടർന്ന് വിമാനം ലാൻഡ് ചെയ്ത ഉടനെ രോഗിയെ ആശുപത്രിയിലേക്കു മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.