1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2020

സ്വന്തം ലേഖകൻ: ഇറാനെ സഹായിക്കുമെന്ന് ഭാവിക്കുന്ന ‘കോമാളി’ മാത്രമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനി. വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ മാസം ആദ്യം ഇറാഖിലെ യുഎസ് സേനാ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇറാൻ നിശ്ചയിച്ച ദിനം ‘ദൈവത്തിന്റെ ദിനം’ ആയിരുന്നതായും അദ്ദേഹം പറഞ്ഞു. യുഎസിന്റെ ‘മുഖത്തേറ്റ അടി’യായിരുന്നു ഇറാന്റെ ആക്രമണം. യുഎസിനെതിരായ ആക്രമണത്തിനിടെ അബദ്ധത്തിൽ യുക്രെയ്ൻ വിമാനം തകർന്നതിൽ ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഖമനയിയുടെ പ്രഖ്യാപനം.

ഇറാന്റെ മുതുകിൽ ‘വിഷം പുരട്ടിയ കത്തി’ കുത്തിയിറക്കുകയാണ് ട്രംപ് ചെയ്തത്. ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിനു പിന്നാലെ രാജ്യത്തുണ്ടായ വലിയ വിലാപം ഇറാൻകാർ ഇസ്‌ലാമിക റിപ്പബ്ളിക്കിനൊപ്പം തന്നെയാണെന്നു തെളിയിക്കുന്നു. ഐഎസിനെതിരായ പോരാട്ടത്തിൽ ശക്തമായി നിലകൊണ്ട സുലൈമാനിയെ ‘ഭീരുത്വമാർന്ന’ രീതിയിലാണ് യുഎസ് വധിച്ചത്. ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് ഇത് അപമാനകരമാണ്.

ഇറാനുമായുള്ള ആണവകരാറിൽനിന്ന് യുഎസിന്റെ ഏകപക്ഷീയമായ പിൻമാറ്റത്തിനു ശേഷവും കരാറിൽ തുടരുന്ന മൂന്ന് യൂറോപ്യൻ രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനാകില്ല. ഇവർ ഇറാനെതിരെ ചെലുത്തുന്ന സമ്മർദ്ദം വിലപ്പോകില്ല. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ ഈ രാജ്യങ്ങൾ ഇറാനെ സമ്മർദ്ദവലയത്തിലാക്കി കരാറിലെ വ്യവസ്ഥകൾ വളച്ചൊടിച്ച് യുഎൻ ഉപരോധം വീണ്ടും നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാനിലുണ്ടായ ദുഃഖാന്തരീക്ഷത്തെ യുക്രെയ്ൻ വിമാനം അബദ്ധത്തിൽ ഇറാൻ തകർത്തത് ഉയർത്തി പ്രതിരോധിക്കാനാണ് ഇറാന്റെ ‘ശത്രുക്കൾ’ ശ്രമിക്കുന്നതെന്നും യുഎസ്സിനെയും സഖ്യകക്ഷികളെയും സൂചിപ്പിച്ച് ഖമയനി പറഞ്ഞു. യുക്രെയ്ൻ വിമാനം അബദ്ധത്തിൽ തകർന്ന സംഭവം ഉയർത്തി സുലൈമാനിയുടെ ‘ജീവത്യാഗം’ മറയ്ക്കാനുള്ള നീക്കങ്ങൾ ചെറുക്കും.

ഇറാഖിനെ വിഭജിച്ച് ആഭ്യന്തര യുദ്ധത്തിനു തിരികൊളുത്താനാണ് യുഎസ് ശ്രമം. യുഎസ് ഈ മേഖല വിടണം എന്ന നിലപാടിൽ മാറ്റമില്ല. ഇറാന്റെ ഐക്യം സംരക്ഷിക്കണം. ഫെബ്രുവരിയിലെ പാർലമെന്റ് തിര‍ഞ്ഞെടുപ്പിൽ സജീവ പങ്കാളിത്തം ഉണ്ടാകണം. – ഒത്തുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ഖമയനി ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.