1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2020

സ്വന്തം ലേഖകൻ: ലബനനിലെ ബയ്റുത്തിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. സ്ഫോടനം നടന്ന വെയർഹൗസുകളിലൊന്നിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ 78 പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.

സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെത്തുടർന്ന് ബാൽക്കണികൾ തകർന്നുവീഴുകയും ജനാലകൾ പൊട്ടിച്ചിതറുകയും ചെയ്തു

ആളുകൾ ആദ്യം കരുതിയത് ശക്തമായ ഭൂചലനമാണെന്നാണ്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കാനായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

“രണ്ടാമത്തെ സ്ഫോടനം കൂടി നടന്നതോടെ അതിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നു. ചുറ്റും തകർന്ന കെട്ടിടങ്ങുടെ അവശിഷ്ടങ്ങൾ, തീയും പുകയും,” സംഭവം കണ്ട ഒരാൾ പറഞ്ഞു.

240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപ് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്ന റിപ്പോർട്ടുകൾ സ്ഫോടനത്തിന്റെ ഉഗ്രത വെളിപ്പെടുത്തുന്നതാണ്. 1975 മുതൽ 1990 വരെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന് സാക്ഷിയായവർ പോലും ഇത്തരമൊരു അവസ്ഥയെ മുമ്പ് പരിചയിച്ചിരുന്നില്ല. ആണവസ്ഫോടനം നടന്നുവെന്നാണ് കരുതിയതെന്ന് ചിലർ പറയുന്നു.

സ്ഫോടനത്തെ തുടർന്ന് കൂൺ ആകൃതിയിൽ പുകയും തീയും ഉയർന്നതാണ് ഇത്തരമൊരു സംശയം ആളുകൾ പ്രകടിപ്പിക്കാൻ കാരണം. എന്നാൽ തീയുടെ നിറം ചുവന്നതായി കാണപ്പെട്ടതിനാൽ സ്ഫോടനത്തിന് കാരണം അമോണിയം നൈട്രേറ്റാണെന്ന് പിന്നീട് വിശദീകരണം വന്നു.

ബെയ്‌റുത്തിനെ നടുക്കിയ ശക്തമായ സ്‌ഫോടനങ്ങൾ ഒരു ആക്രമണമാണെന്ന് സംശയിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്ഫോടനം ഏതെങ്കിലും തരത്തിലുള്ള ബോംബ് മൂലമാകാമെന്ന് യുഎസ് ജനറല്‍മാര്‍ തന്നോട് പറഞ്ഞതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇത് ഏതെങ്കിലും നിര്‍മാണശാലകളിൽ ഉണ്ടാകുന്ന തരത്തിലുള്ള പൊട്ടിത്തെറിയായിരുന്നില്ല. യുഎസ് ജനറൽമാരുടെ അഭിപ്രായത്തില്‍ ഇതൊരു ആക്രമണമായി അവര്‍ കരുതുന്നു. ഏതെങ്കിലും തരത്തിലുള്ള ബോംബായിരുന്നു അത്-്ട്രംപ് പറഞ്ഞു. ലബനന് വേണ്ട സഹായം നല്‍കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു.

എന്നാൽ ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനങ്ങള്‍ ഒരു ആക്രമണമാണെന്ന് ലബനന്‍ അധികൃതര്‍ ഇതുവരെ വിശേഷിപ്പിട്ടില്ല. ബെയ്‌റുത്ത് തുറമുഖ ഭാഗത്തുള്ള ഗോഡൗണില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചെന്നാണ് ലബനന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദയബ് പറഞ്ഞത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായാലും അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ വലിയ സ്‌ഫോടനാത്മക വസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതായി ലബനീസ് ജനറല്‍ സെക്യൂരിറ്റി ചീഫ് അബ്ബാസ് ഇബ്രാഹീമും അറിയിച്ചു. സ്‌ഫോടനങ്ങളില്‍ 73 പേര്‍ മരിച്ചതായും 3700 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്നാണ് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.