1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2020

സ്വന്തം ലേഖകൻ: ഷാര്‍ജ മാതൃകയില്‍ ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ കേരളത്തിലും വരുന്നു. മലപ്പുറം വേങ്ങരയിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. ഇന്‍കെലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി സജ്ജമാക്കും. ഇന്‍കലിന്റെ വ്യവസായ പാര്‍ക്കിനോടനുബന്ധിച്ചാകും ഇത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിങ് ആന്റ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) സെന്ററിന്റെ നടത്തിപ്പ് ചുമതല. ഷാര്‍ജ സര്‍ക്കാരിന് മുന്നില്‍ കേരളം ഉന്നയിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിങ് സെന്‍റര്‍. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും.

ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായ മേല്‍നോട്ടം നിര്‍വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.