1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2020

സ്വന്തം ലേഖകൻ: കാഷ്‌ലെസ് സൊസൈറ്റി എന്ന ആശയത്തിന്റെ ചുവടുപിടിച്ച് സ്മാർട്ട് ദുബായ്, ദുബായ് ധനകാര്യവകുപ്പും ചേർന്ന് ദുബായ് കാഷ്‌ലെസ് ഫ്രെയിംവർക്ക് റിപ്പോർട്ട് പുറത്തിറക്കി. ഭൗതിക പണമിടപാട്കുറച്ച് ഡിജിറ്റൽ സമ്പദ്ഘടന നടപ്പാക്കുകയാണ് ദുബായ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ പണമിടപാടും എളുപ്പത്തിലാക്കി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് പരിവർത്തനം ചെയ്യാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും. ഭൗതിക പണമുപയോഗം കുറയ്ക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുക്കുന്നതിനായി ടീം പ്രവർത്തിക്കും.

സ്മാർട്ട് ദുബായ്, ധനകാര്യ വകുപ്പ്, സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി, ദുബായ് ഇക്കണോമി, പോലീസ്, ഇക്കണോമിക് സെക്യൂരിറ്റി സെന്റർ, ദുബായ് ചേംബർ, ദുബായ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് എന്നിവയും കാഷ്‌ലെസ് സൊസൈറ്റിയെന്ന പദ്ധതിയിലേക്ക് ചുവടുമാറ്റും. ദുബായുടെ സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് കാഷ്‌ലെസ് സൊസൈറ്റിയെന്ന ആശയം നടപ്പാക്കാനൊരുങ്ങുന്നത്.

കൊവിഡ് കാലത്ത് ഭൗതികപണമിടപാടിന് പകരം ഡിജിറ്റൽ പണമിടപാട് ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്ക് പുറമെ പൊതുജനങ്ങൾക്ക് കൂടുതൽ ആരോഗ്യസുരക്ഷയുണ്ടാക്കുമെന്ന് കാഷ്‌ലെസ് ഫ്രെയിംവർക്ക് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഗൾഫിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ഇത് പ്രാദേശിക സാമ്പത്തികമേഖലയെ കൂടുതൽ ശക്തിപ്പെടുത്തും.

പദ്ധതിക്ക് ആവശ്യമായ ബജറ്റ് അനുവദിക്കുക, സാമ്പത്തികകാര്യങ്ങളിൽ കൂടിയാലോചനകൾ നടത്തുക, സാമ്പത്തിക അധികാരികളുമായി ഏകോപിപ്പിക്കുക തുടങ്ങിയവയിൽ ധനവകുപ്പിന് സുപ്രധാനപങ്കുണ്ടെന്ന് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. യൂറോ മോണിറ്റർ ഇന്റർനാഷണലിന്റെ ഡിജിറ്റൽ കണക്ടിവിറ്റി സൂചികയിൽ ആഗോളതലത്തിൽ യു.എ.ഇ. ഒന്നാം സ്ഥാനത്താണെന്ന് ദുബായ് ഇക്കണോമി ഡയറക്ടർ ജനറൽ സാമി അൽ കംസി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.