1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സമഗ്ര സാമ്പത്തിക പുനക്രമീകരണ കർമപരിപാടിക്ക് (ദ് ഗ്രേറ്റ് ഇക്കണോമിക് റീസെറ്റ് പ്രോഗ്രാം) തുടക്കം കുറിച്ച് ദുബായ്. മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റുമായി സഹകരിച്ചു ‘ദുബായ് ഇക്കോണമി’ തുടക്കമിട്ട പദ്ധതി ഭാവിയിലെ സാധ്യതകൾ, വെല്ലുവിളികൾ തുടങ്ങിയവ വിലയിരുത്തി വികസന രൂപരേഖ തയാറാക്കും.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യാന്തര വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണു നയപരിപാടികൾ ആവിഷ്കരിക്കുക. ഇതോടൊപ്പം സാമ്പത്തിക, വിദ്യാഭ്യാസ, ചികിത്സാ മേഖലകളിലടക്കം പഠന-ഗവേഷണങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു.

രാജ്യാന്തര വിദഗ്ധർ കൂടി ഉൾപ്പെടുന്ന നയസമിതി (വെർച്വൽ പോളിസി കൗൺസിൽ) ഇതിനുണ്ടാകും. വിവിധ മേഖലകളിൽ കൊവിഡ് ഏൽപിച്ച ആഘാതങ്ങൾ വിലയിരുത്തുക, ഇതു മറികടക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നിവയാണ് പ്രധാന ചുമതലകൾ. സാമ്പത്തിക വിദഗ്ധർ, ലോകബാങ്ക്, രാജ്യാന്തര തൊഴിൽ സംഘടന, ഡവലപ്മെന്റ് ബാങ്ക് ഓഫ് ലാറ്റിനമേരിക്ക, ഹാർവാഡ് കെന്നഡി സ്കൂൾ, കോണൽ യൂണിവേഴ്സിറ്റി, ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ, യൂറോപ്യൻ സ്കൂൾ നെറ്റ് പ്രതിനിധികൾ തുടങ്ങിയവർ ആദ്യയോഗത്തിൽ പങ്കെടുത്തു.

രാജ്യാന്തര വ്യാപാരത്തിൽ കൊവിഡ് വരുത്തിയ ആഘാതങ്ങൾ, നേരിട്ടുള്ള വിദേശനിക്ഷേപം, ടൂറിസം, ഡിജിറ്റൽ ഗ്ലോബലൈസേഷൻ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്തു. ‘സ്മാർട്’ പദ്ധതികൾ ആവിഷ്കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്യുന്ന ദുബായ്‍യുടെ അനുഭവപരിചയം ലോകത്തിനു മാതൃകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റ് ഡീൻ പ്രഫ. റയിദ് അവാംലെ പറഞ്ഞു.

ദുബായിലെ വാണിജ്യ വ്യവസായ മേഖലയ്ക്ക് ഉണർവേകാൻ 3 ഘട്ടങ്ങളിലായി 630 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഒന്നും മൂന്നും ഘട്ടങ്ങളിൽ 300 കോടിയുടെയും രണ്ടാംഘട്ടത്തിൽ 330 കോടിയുടെയും പദ്ധതികളാണ് പ്രഖ്യാപിച്ചത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഒട്ടേറെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യം, ഹോട്ടൽ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കോർത്തിണക്കുന്ന സമഗ്ര പാക്കേജാണ് ദുബായ് ഭരണാധികാരികൾ വിഭാവനം ചെയ്യുന്നതെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.