1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2019

സ്വന്തം ലേഖകൻ: ദുബായില്‍നിന്ന് അബുദാബിയിലെത്താന്‍ വെറും 12 മിനുറ്റ്! അമേരിക്കന്‍ കമ്പനിയായ വിര്‍ജിന്റെ ഹൈപര്‍ ലൂപ് വണ്‍ എന്ന ആധുനിക യാത്രാ സംവിധാനം സ്വപ്ന വേഗത്തിലുള്ള യാത്ര യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്.

160 കിലോ മീറ്ററാണു ദുബായില്‍നിന്ന് അബുദാബിയിലേക്കുള്ള റോഡ് ദൂരം. ഇത്രയും ദൂരം താണ്ടാന്‍ വേണ്ടത് ഒന്നേ മുക്കാല്‍ മണിക്കൂര്‍. ഈ യാത്രയാണു ഹൈപര്‍ ലൂപ് 12 മിനുറ്റിലേക്കു ചുരുക്കുന്നത്. ഹൈപര്‍ ലൂപ് പോഡിന്റെ മാതൃക ഇപ്പോള്‍ നടന്നുവരുന്ന ദുബായ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണു വിര്‍ജിന്‍ കമ്പനി.

തൂണുകളില്‍ സ്ഥാപിച്ച ട്യൂബുകളിലൂടെയാണു ഹൈപര്‍ ലൂപ് എന്ന അടുത്ത തലമുറാ യാത്രാ സംവിധാനത്തിന്റെ കുതിപ്പ്. മണിക്കൂറില്‍ ആയിരം കിലോ മീറ്ററാണു ഹൈപര്‍ ലൂപ് പോഡുകളുടെ വേഗമെന്നാണു വിര്‍ജിന്‍ കമ്പനി അവകാശപ്പെടുന്നത്. ഇതു യാത്രാവിമാനങ്ങളുടെ വേഗത്തിനേക്കാള്‍ 5-10 ഇരട്ടിയാണ്.

”പൂര്‍ണാര്‍ഥത്തിലുള്ള പോഡുകള്‍ ലാസ് വേഗാസില്‍ 400-500 തവണ പരീക്ഷണയോട്ടത്തിനു വിധേയമാക്കി. ഇനി യഥാര്‍ഥ യാത്രാ പദ്ധതിക്കുവേണ്ടിയുള്ള സാങ്കേതിക രൂപകല്‍പ്പനയിലേക്കു കടക്കുകയാണു ഞങ്ങള്‍,” വിര്‍ജിന്‍ ഹൈപര്‍ ലൂപ് വണ്ണിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഇന്ത്യ മാനേജിങ് ഡയരക്ടര്‍ ഹര്‍ജ് ധലിവാളിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ലോകത്ത് മൂന്നിടങ്ങളിലാണു വിര്‍ജിന്‍ കമ്പനി ഹൈപര്‍ ലൂപ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ്-അബുദാബി, മുംബൈ-പൂനെ, ലോസ് ആഞ്ചല്‍സ്-ലാസ് വേഗാസ് എന്നിവയാണ് ഈ റൂട്ടുകള്‍. ഇന്ത്യയില്‍ മുംബൈ-പൂനെ പദ്ധതിയുടെ ആദ്യഘട്ടമായ 12 കിലോ മീറ്ററിന്റെ നിര്‍മാണം അടുത്തവര്‍ഷം അവസാനത്തോടെ ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.