1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2020

സ്വന്തം ലേഖകൻ: ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം. തിങ്കൾ മുതൽ ഇ-സ്കൂട്ടറുകൾ വാടകയ്ക്കു ലഭ്യമാകും. നിശ്ചിത സൈക്കിൾ ട്രാക്കുകളിൽ ഇവ ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന പദ്ധതി വിജയിച്ചാൽ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ, ജുമൈറ ലെയ്ക് ടവേഴ്സ് എന്നീ 5 സോണുകളിലാണ് സർവീസ് ആരംഭിക്കുന്നത്. അനുവദനീയ മേഖലകളിലെ നിശ്ചിത ട്രാക്കുകളിൽ മാത്രമാണ് അനുവാദം.

5 കമ്പനികൾക്കാണു നടത്തിപ്പ് ചുമതലയെന്നു ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ മുഹമ്മദ് അൽ ബന്ന പറഞ്ഞു. കരീം, ലൈം, ടിയർ, സ്വദേശി കമ്പനികളായ അർണബ്, സിക്രത് എന്നിവയ്ക്കാണു ചുമതല. ഇ- സ്കൂട്ടറുകളുടെ അറ്റകുറ്റപ്പണിയടക്കമുള്ള കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം അതത് കമ്പനികൾക്കാണെന്നും വ്യക്തമാക്കി.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറുവാഹനമാണ് ഇലക്ട്രിക് സ്കൂട്ടർ. ചെറുചക്രങ്ങളും ഉയർന്ന ഹാൻഡിലുമുള്ള വാഹനം ഒട്ടേറെ പേർ ഉപയോഗിക്കുന്നു. മടക്കി കയ്യിൽ വയ്ക്കാം. ധാരാളം ഇന്ത്യക്കാരും ഉപയോഗിക്കുന്നു. അശ്രദ്ധമായ ഉപയോഗം മൂലം അപകടങ്ങൾ കൂടിയതോടെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ സൈക്കിളുകൾക്കും ഇ- സ്കൂട്ടറുകൾക്കും നൂതന സംവിധാനങ്ങളോടെ കൂടുതൽ ട്രാക്കുകൾ നിർമിക്കുകയാണ്. ഇരു വാഹനങ്ങൾക്കും ഒരു ട്രാക്ക് മതിയാകും. മെട്രോ സ്റ്റേഷനുകൾ, മാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, മറ്റു പ്രധാന മേഖലകൾ എന്നിവയുമായി ബന്ധിപ്പിച്ചാകും ട്രാക്കുകൾ. ഗതാഗതമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് ഇവ വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. ചെറിയ ദൂരം യാത്രചെയ്യാൻ വലിയ വാഹനങ്ങൾ ഉപയോഗിക്കുന്ന രീതി ഒഴിവാക്കാനുമാകും. ദുബായിലെ 8 ഡിസ്ട്രിക്ടുകളിലായി 88 കിലോമീറ്റർ സൈക്കിൾ ട്രാക്ക് നിർമാണം പുരോഗമിക്കുകയാണ്. 2025 ആകുമ്പോഴേക്കും 647 കിലോമീറ്റർ സൈക്കിൾ ട്രാക്ക് പൂർത്തിയാക്കുകയാണു ലക്ഷ്യം.

അതത് കമ്പനികളുടെ സ്മാർട് ആപ് ഡൗൺലോഡ് ചെയ്തു ബുക് ചെയ്യാം. ഡോക്കിങ് സ്റ്റേഷനുകളും ട്രാക്കുകളും മറ്റും കണ്ടെത്താനും ആപ് സഹായിക്കും. ഉപയോഗ ശേഷം ഓൺലൈനിൽ പണമടച്ചാൽ മതി. നിരക്കും കൂടുതൽ വിവരങ്ങളും ഉടൻ പ്രഖ്യാപിക്കും. നിശ്ചിത ട്രാക്കിലൂടെ അല്ലാതെ പോയാൽ മോട്ടർ ഓഫ് ആകുന്ന സ്മാർട് സംവിധാനമാണ് സ്കൂട്ടറിലുള്ളത്. ജിപിഎസ് ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എത്ര ദൂരം ഓടിയെന്ന് ആപ്പിലെ മീറ്ററിൽ അറിയാം. ഇ-സ്കൂട്ടർ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസുമായി സഹകരിച്ച് ആർടിഎ നടപടി സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.