1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2020

സ്വന്തം ലേഖകൻ: തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന എല്ലാവരുടെയും 50 ശതമാനം ബില്ല് സർക്കാർ നൽകുന്ന പുതിയ പദ്ധതിക്ക് ബ്രിട്ടനിൽ തുടക്കം. കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും പരമാവധി പത്തു പൗണ്ടിന്റെ ഇളവ് ലഭിക്കും വിധമുള്ള സർക്കാരിന്റെ പുതിയ ‘’ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട്’’ പ്രോഗ്രാം ഹോട്ടൽ, പബ്ബ് വിപണികളെ ഉണർത്തും. ഓഗസറ്റ് 31 വരെയാണ് ഈ ആനുകൂല്യം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടേക്ക് എവേകൾക്ക് ഇളവ് ബാധകമല്ല.

പദ്ധതി പ്രകാരം നാലുപേരടങ്ങുന്ന കുടുംബം 80 പൌണ്ടിന് ഭക്ഷണം കഴിച്ചാൽ 40 പൗണ്ട് നൽകിയാൽ മതിയാകും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മിനിമം ഇത്ര തുക ചെലവാക്കണം എന്നില്ല. രണ്ടു പൗണ്ടിന് കോഫിയോ ചായയോ കുടിച്ചാൽ ഒരു പൗണ്ട് നൽകിയാൽ മതിയെന്ന് ചുരുക്കം. സോഫ്റ്റ് ഡ്രിങ്കുകൾ പദ്ധതിയുടെ ഭാഗമാണെങ്കിലും ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് ഇളവ് ലഭിക്കില്ല.

‍ലോക്ക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ച ഹോസ്പിറ്റാലിറ്റി സെക്ടറിന്റെ ഉണർവ് ഉറപ്പുവരുത്താനും ഈ മേഖലയിൽ പണിയെടുക്കുന്ന ഷെഫുമാർ ഉൾപ്പെടെയുള്ള 18 ലക്ഷത്തോളം പേരുടെ തൊഴിൽ സംരക്ഷിക്കാനുമാണ് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഗുണപ്രദമായ ഈ പദ്ധതിയെന്ന് ചാൻസിലർ ഋഷി സുനാക് പറയുന്നു. എന്നാൽ ഫാസ്റ്റ് ഫൂഡ് ശൃംഖലയെ പദ്ധതിയുടെ ഭാഗമാക്കിയത് ശരിയല്ലെന്നാണ് നോൺ ഓബീസിറ്റി കാമ്പയിനേഴ്സ് ഉൾപ്പെടെയുള്ള വിമർശകർ പറയുന്നത്.

സ്കീമിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 72,000 സ്ഥാപനങ്ങൾ വഴിയാകും പദ്ധതി നടപ്പാക്കുക. പിസ എക്സ്പ്രസ്, കോസ്റ്റ കോഫി, മക്ഡോണൽസ്, നാൻഡോസ്, കെ.എഫ്.സി, സബ് വേ തുടങ്ങിയ നിരവധി ഭക്ഷ്യശൃംഖലകൾ പദ്ധതിയുടെ ഭാഗമാണ്. ജനങ്ങൾക്ക് സബ്സിഡിയായി നൽകുന്ന പണം റസ്റ്ററന്റുകൾക്ക് ബിസിനസ് അക്കൗണ്ടുകളിൽ അഞ്ചുദിവസത്തിനുള്ളിൽ സർക്കാർ തിരികെ നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.