1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2021

സ്വന്തം ലേഖകൻ: വിദേശത്തു നിന്ന് ഇംഗ്ലണ്ടിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി. കൊവിഡ് ടെസ്റ്റ് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എടുക്കേണ്ടതുണ്ട്. ഈ നിബന്ധന പാലിക്കാത്തവരിൽ നിന്ന് 500 ഡോളർ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. ബോട്ടുകൾ, വിമാനങ്ങൾ, ട്രെയിനുകൾ എന്നീ മാർഗങ്ങളിലൂടെ ഇംഗ്ലണ്ടിലേക്ക് വരുന്ന യുകെ പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാർ‌ക്ക് പുതിയ നിബന്ധന ബാധകമാണ്.

വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ ഇംഗ്ലണ്ടിലെത്തുന്ന യാത്രക്കാർക്ക് പുതിയ നിബന്ധന ബാധകമാണെന്ന് ഗതാഗത മന്ത്രി റോബർട്ട് കോർട്ട്സ് അറിയിച്ചു.

അതിനിടെ കൊവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ട ബ്രിട്ടൻ പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയുടെ വിലയിരുത്തൽ ശരിവച്ച ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റിയും ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കും രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്നതായി സമ്മതിച്ചു.

ഇതിൽനിന്നുള്ള മോചനത്തിന് വാക്സീനേഷൻ മാത്രമാണ് മാർഗമെന്നും ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ആശുപത്രികളും ജിപി സെന്ററുകളും കേന്ദ്രീകരിച്ചുള്ള ആയിരത്തിലേറെ വാക്സീനേഷൻ സെന്ററുകൾക്കു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴു നഗരങ്ങൾ കേന്ദ്രീകരിച്ച് വൻകിട വാക്സീനേഷൻ സെന്ററുകളും പ്രവർത്തനം ആരംഭിച്ചു.

ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം, ബ്രിസ്റ്റോൾ, സ്റ്റീവനേജ്, ന്യൂകാസിൽ, സറൈ എന്നിവിടങ്ങളിലാണിവ. ആവശ്യമെങ്കിൽ സമാനമായ വലിയ സെന്ററുകൾ ഇനിയും തുറക്കും. ഇത്തരം സെന്ററുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാക്കി വാക്സിനേഷൻ ത്വരിതപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

വാക്സീനേഷനൊപ്പം ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും നടപടിയുണ്ടാകും. പൊലീസിനും മറ്റ് ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഇതിനുള്ള നിർദേശം നൽകി. വ്യായാമത്തിനായി നൽകിയിട്ടുള്ള ഇളവുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപോഗിക്കരുതെന്നും ഇക്കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ഹെൽത്ത് സെക്രട്ടറി മുന്നറിയിപ്പു നൽകി.

സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ സാമൂഹിക അകലവും മറ്റ് ലോക്ഡൗൺ നിബന്ധനകളും പാലിക്കണം. മോറിസണിൽ മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം നിഷേധിച്ച നടപടിയെ മന്ത്രി പ്രശംസിച്ചു. ഇരുപതു ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതിനോടകം വാക്സീന്റെ ആദ്യഡോസ് നൽകിയത്. ഒരു ലക്ഷത്തിലേറെ ആളുകൾക്ക് രണ്ടാം ഡോസും നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.