1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2020

സ്വന്തം ലേഖകൻ: ഖത്തറില്‍ ഉന്നത വിദ്യാഭ്യാസത്തിനും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാനും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ തുല്യത സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ആഴ്ച്ചയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിലെ സിലബസ് പഠിച്ചവര്‍ക്കോ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കോ ഖത്തറിലെ സര‍്ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാറണമെങ്കില്‍ പ്രത്യേക തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

ഇന്ത്യന്‍‌ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്കൂളുകളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന് ഖത്തറിലെ സര്‍വകലാശാലകളില്‍ ചേരണമെങ്കിലും ഈ തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഓഫീസില്‍ നേരിട്ടെത്തിയാല്‍ മാത്രമാണ് ഇതുവരെ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഈ തുല്യത സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

certificate.edu.gov.qa എന്ന മെയില്‍ അഡ്രസ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ ഇതിനായി അപേക്ഷ നല്‍കേണ്ടത്. ഈ ഓണ്‍ലൈന്‍ സേവനം എല്ലാ ആഴ്ച്ചയിലും മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജമായിരിക്കുമെന്നും 24 മണിക്കൂറിനകം അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യസ മന്ത്രാലയത്തിലെ ഇവാല്വേഷന്‍ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ ഹര്‍ഖാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഏഴായിരം അപേക്ഷകളാണ് മന്ത്രാലയത്തിന് നേരിട്ട് ലഭിച്ചത്.

ആവശ്യം അധികരിച്ചതിനെ തുടര്‍ന്നും ഈ സേവനം അപേക്ഷകന് എളുപ്പമാക്കുകയെന്നതും ഉദ്ദേശിച്ചതാണ് സര്‍ട്ടിഫിക്കറ്റ് സേവനം ഓണ്‍ലൈന്‍ വഴിയാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഖത്തറില്‍ ഖത്തറിതര സിലബസുകള്‍ പിന്തുടരുന്ന സ്കൂളുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഖത്തറില്‍ തന്നെ ജോലി ലഭിക്കണമെങ്കില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് ഖത്തറില്‍ ജോലി ലഭിക്കാന്‍ എളുപ്പമുണ്ട്. ഇത്തരം സാഹചര്യങ്ങളാണ് തുല്യതാ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകര്‍ കൂടാന്‍ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.