1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2020

സ്വന്തം ലേഖകൻ: രാജകുടുംബത്തിന്റെ ഭാഗമാകുകയെന്നത് ലോകത്തെ പെൺകുട്ടികളുടെ സ്വപ്നമായിരിക്കുമ്പോൾ അത് വലിച്ചെറിഞ്ഞ് പോകുന്നതിൽ മകളെ കുറ്റപ്പെടുത്തി മേഗന്റെ പിതാവ്.എല്ലാം പണത്തിന് വേണ്ടിയാണെന്ന് താൻ സംശയിക്കുന്നുവെന്നാണ് മകൾക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് തോമസ് മെർക്കലിന്റെ വെളിപ്പെടുത്തൽ.

എല്ലാ പെണ്‍കുട്ടികളും രാജകുമാരിയായി ജീവിക്കാൻ ഇഷ്ടപ്പെടുമ്പോൾ ആ പദവി ലഭിച്ചിട്ടും വലിച്ചെറിയുകയാണ് മേഗനെന്ന് തോമസ് കുറ്റപ്പെടുത്തുന്നു. തനിക്ക് വളരെ നിരാശയുണ്ടാക്കിയ തീരുമാനമാണിതെന്നും ചാനൽ 5 ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിവാഹത്തോടെ രാജകുടുംബത്തിന്റെ ഭാഗമായതാണ് മേഗൻ. ഇപ്പോൾ ഇരുവരും ചേർന്ന് രാജകുടുംബത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു, തരംതാഴ്ത്തി, രാജകുടുംബ സങ്കൽപത്തെ തന്നെ തകർത്തു കളഞ്ഞുവന്നും തോമസ് കുറ്റപ്പെടുത്തി.

ഹാരിയും മേഗനും ഇനി രാജപദവികൾ വഹിക്കുന്നതല്ലെന്നും പൊതുഖജനാവിൽ നിന്ന് ഇരുവരും ഉപയോഗിച്ച തുക തിരികെ അടയ്ക്കുമെന്നും ബക്കിങ്ഹാം പാലസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാജപജവികളൊഴിഞ്ഞ് കാനഡയിലേക്ക് കുടിയേറുകയാണെന്ന് ഹാരിയും മേഗനും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഹാരിയും ഭാര്യയും ‘റോയൽ ഹൈനസ്’ സ്ഥാനം ത്യജിക്കുമെങ്കിലും ഡ്യൂക്ക് ഓഫ് സസക്സ്, ഡച്ചസ് ഓഫ് സസക്സ് എന്നീ സ്ഥാനപ്പേരുകൾ നിലനിർത്തും. കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളൊന്നും ഇനി മുതൽ ഉണ്ടായിരിക്കില്ല. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നുള്ള വിഹിതം (8 കോടി പൗണ്ട്) സ്വീകരിക്കില്ല.

ഔദ്യോഗിക വസതിയായ ഫ്രോഗ്‌മോർ കോട്ടേജ് നവീകരിക്കാനായി പൊതു ഖജനാവിൽനിന്നു ചെലവഴിച്ച 24 ലക്ഷം പൗണ്ടാണ് (ഏകദേശം 22 കോടി രൂപ) ഹാരിയും മേഗനും തിരികെ നൽകുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.