1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2017

 

സ്വന്തം ലേഖകന്‍: അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക വിസ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന് ബാധ്യതയില്ലെന്ന യൂറോപ്യന്‍ നീതിന്യായ കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക വിസ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി ഒരു സിറിയന്‍ കുടുംബത്തിന് വിസ നിഷേധിച്ച ബെല്‍ജിയന്‍ സര്‍ക്കാരിന്റെ നടപടി ശരിവക്കുകയും ചെയ്തിരുന്നു. എന്നാ കോടതിയുടെ നടപടി മനുഷ്യത്വമില്ലാത്തതാണെന്ന ആരോപണവുമായി വിവിധ മനുഷ്യാവകാശ സംഘടകള്‍ രംഗത്തെത്തി.

ബെല്‍ജിയത്തില്‍ അഭയം തേടുന്നതിനുള്ള ആദ്യ പടിയായി 90ദിവസത്തെ വിസയ്ക്കാണ് സിറിയന്‍ കുടുംബം അപേക്ഷ നല്‍കിയിരുന്നത്. സ്വന്തം രാജ്യത്ത് പീഡനങ്ങള്‍ക്കിരയാകുന്നു എന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബെല്‍ജിയം സര്‍ക്കാര്‍ അപേക്ഷ തള്ളി. തുടര്‍ന്ന് ബെല്‍ജിയം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കുടുംബം യൂറോപ്യന്‍ നീതിന്യായ കോടതിയെ സമീപിക്കുകായിരുന്നു. ഇത്തരം വിസകള്‍ നല്‍കണോ വേണ്ടയോ എന്നത് ഓരോ അംഗരാജ്യത്തിനും തീരുമാനിക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തെ മറികടന്നാണ് കോടതി ഇപ്രകാരമൊരു നിരീക്ഷണം നടത്തിയത്. സ്വന്തം രാജ്യത്ത് പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് മാനുഷിക പരിഗണന വച്ച് വിസ നല്‍കണമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം വിസകള്‍ക്കുള്ള അപേക്ഷകള്‍ കുമിഞ്ഞുകൂടാന്‍ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. വിവിധ സന്നദ്ധ സംഘടനകള്‍ വിധിയില്‍ നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബോട്ടുകളിലും മറ്റും കയറി മോശം സാഹചര്യങ്ങളോട് മല്ലിട്ട് യൂറോപ്യന്‍ തീരത്ത് അഭയാര്‍ത്ഥികളെത്തുന്ന സാഹചര്യം ഇല്ലാതാക്കാന്‍ താത്കാലിക വിസകളാണ് നല്ലതെന്ന വാദമാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ളത്. താത്കാലിക വിസയിലെത്തി പിന്നീട് പ്രത്യേകം അപേക്ഷ നല്‍കി യൂറോപ്യന്‍ രാജ്യത്ത് കുടിയേറാനുള്ള അഭയാര്‍ത്ഥികളുടെ അവസരമാണ് വിധിയിലൂടെ ഇല്ലാതായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.