1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികൾക്കും സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കേരള ഹൈക്കോടതി നോട്ടീസ്. മറുപടി സത്യവാങ്മൂലത്തിനും തുടർവാദങ്ങൾക്കുമായി കേസ് 2020 ജൂലൈ 16ന് വീണ്ടും പരിഗണിക്കും.

ഹർജിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും, ഭരണഘടനയ്ക്കും അന്താരാഷ്ട്ര ഉടമ്പടികൾക്കും അനുസൃതമായി സാധ്യമായ പദ്ധതികൾ തയ്യാറാക്കേണ്ടത് പ്രവാസി- കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന്‌ അവശ്യമാണെന്നും ഹൈകോടതി നിരീക്ഷിച്ചു.

കൊവിഡ് 19 രോഗത്തെ തുടർന്ന് ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഇവരിൽ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ തൊഴിൽ ദാതാക്കൾ നൽകിയിട്ടില്ല.

ഇന്ത്യയിലേക്കു മടങ്ങിയെത്തിയ പ്രവാസികളിൽ ഒരു വലിയ വിഭാഗം തൊഴിൽ നഷ്ടപ്പെട്ടവരാണ്. കൊവിഡ് പ്രതിസന്ധി മൂലം അടിയന്തിരമായി മടങ്ങേണ്ടി വന്നപ്പോൾ ഇതിൽ ബഹുഭൂരിപക്ഷത്തിനും അർഹമായ സാമ്പത്തിക ആനുകൂല്യങ്ങളൊന്നും ലഭ്യമായിട്ടില്ലന്നും ഹർജിക്കാരായ LBBയ്ക്കു വേണ്ടി ഹാജരായ സീനിയർ അഡ്വ പി വി സുരേന്ദ്രനാഥ് ഹൈക്കോടതി മുമ്പാകെ വാദിച്ചു.

മഹാമാരിയുടെ അവസരം മുതലെടുത്ത് വമ്പിച്ച ‘കൂലി മോഷണ’ത്തിനാണ് അന്താരാഷ്ട്ര തലത്തിൽ വമ്പൻ കോർപ്പറേറ്റുകളുൾപ്പടെ ശ്രമിക്കുന്നത്. ‘കൂലി മോഷണ’ത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നു വരുന്നുണ്ട്.

തൊഴിൽ സംബന്ധവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച കേസുകൾ അതത് രാജ്യങ്ങളിലാണ് നൽകേണ്ടെന്നിരിക്കെ, കൊവിഡ് പ്രതിസന്ധി മൂലം ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന തൊഴിലുടമകൾക്കെതിരെ നിയമ നടപടികൾ പോലും സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രവാസികൾ.

തൊഴിലാളികൾ മടങ്ങിയാലും നഷ്പരിഹാരമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്കായ കേസുകൾ ഇന്ത്യൻ എംബസികൾ മുഖാന്തിരം നടത്താവുന്നതാണ്. കേസ് നടത്താൻ എംബസികൾക്ക് പവർ ഓഫ് അറ്റോർണി നൽകാൻ ഭൂരിപക്ഷം രാജ്യങ്ങളിലേയും നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ട്

മേൽപ്പറഞ്ഞ വസ്തുതകൾ നിലനിൽക്കെ വർഷങ്ങളോളം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് ഒടുവിൽ അർഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ മടങ്ങുന്ന പ്രവാസികളുടെ ശമ്പള കുടിശ്ശികകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും സംബന്ധിച്ച വിവര ശേഖരണം നടത്താനോ തുടർ നിയമ സഹായങ്ങൾക്കോ യാതൊരു പദ്ധതിയും കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിട്ടില്ല

ലോക് ഡൗൺ കാലത്ത് ആയിരക്കണക്കിന് ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ മരണമടഞ്ഞിട്ടുണ്ട്.ഇവരുടെ ഇൻഷൂറൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ബന്ധുക്കൾക്ക് ലഭിക്കുന്നതിനും വിദേശ രാജ്യങ്ങളിൽ നിയമ നടപടി ആവശ്യമായി വന്നേക്കും

പ്രസ്തുത സാഹചര്യത്തിൽ മടങ്ങിയെത്തുന്ന ഇന്ത്യക്കാരുടെ കുടിശ്ശികകളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരശേഖരണം നടത്താനാവശ്യമായ സംവിധാനമൊരുക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകണ എന്നാവശ്യപ്പെട്ടാണ് പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് നാഷണൽ കൺവീനറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രൻ അഡ്വ ബി എസ് സ്യമന്തക്, അഡ്വ ശ്രീദേവി കെ എന്നിവർ മുഖാന്തിരം കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.