1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. സെപ്റ്റംബർ 17ന് ഈ ബില്ലുകൾ ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഡെപ്യൂട്ടി ചെയർമാന്‍റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞു.

മുൻ നിശ്ചയിച്ചതിന് വിരുദ്ധമായി സഭാ നടപടികൾ നീട്ടി കൊണ്ടു പോകാൻ ഉപാധ്യക്ഷൻ ശ്രമിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. നാലു മണിക്കൂർ നീണ്ട ചർച്ച ഉച്ചഭക്ഷണ സമയത്തോടെ അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ, വിവാദ ബിൽ പാസാക്കാനായി സഭാ നടപടികൾ തുടരാൻ ശ്രമിച്ചതോടെ പ്രതിപക്ഷം ബഹളംവെച്ച് നടുത്തളത്തിലിറങ്ങി. ഉപാധ്യക്ഷന്‍റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ കാർഷിക ബിൽ കീറിയെറിഞ്ഞു. തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.

കാർഷിക ബില്ലുകൾ കർഷകരുടെ മരണ വാറണ്ടെന്ന് കോൺഗ്രസ് അംഗം പ്രതാവ് സിങ് ബജ് വ ആരോപിച്ചു. കാർഷിക ബില്ലുകളെ ഉപാധികളോടെ പിന്തുണക്കാമെന്ന് സി.പി.ഐ വ്യക്തമാക്കി. താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പുലഭിച്ചാൽ ബില്ലിനെ പിന്തുണക്കാമെന്ന് ബിനോയ് വിശ്വമാണ് സഭയെ അറിയിച്ചത്.

ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സി.പി.എം പാർട്ടികൾ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. കെ.സി വേണുഗോപാൽ, എളമരം കരീം, കെ.കെ രാഗേഷ്, എം.വി ശ്രേയാംസ് കുമാർ എന്നിവർ ബില്ലിനെ എതിർത്തു.

അതേസമയം, താങ്ങുവിലയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സഭയെ അറിയിച്ചു. താങ്ങുവില എന്നത് സർക്കാറിന്‍റെ നയപരമായ തീരുമാനമാണ്. താങ്ങുവില ഉറപ്പാക്കുക എന്നത് ബാധ്യതയുമാണ്. താങ്ങുവിലയുമായി നേരിട്ടു ബന്ധപ്പെടുന്ന കാര്യങ്ങളല്ല ബിൽ വ്യവസ്ഥ ചെയ്യുന്നത്. വിപണിയിൽ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ നീക്കുക, സാധനങ്ങൾക്ക് മികച്ച വില ലഭ്യമാക്കുക എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും തോമർ വ്യക്തമാക്കി.

ബിൽ പാസാക്കാനായി വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളുടെ അടക്കം 130 അംഗങ്ങളുടെ പിന്തുണ കേന്ദ്ര സർക്കാർ ഉറപ്പാക്കിയിരുന്നു. എന്നാൽ, എൻ.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദളിന്‍റെ മൂന്ന് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.