1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2020

സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. രാഷ്ട്രീയവും ഫുട്‌ബോളും തമ്മില്‍ കൂട്ടിച്ചേര്‍ക്കരുതെന്നും ഇന്‍ഫാന്റിനോ. എല്ലാ ജനതയ്ക്കും തങ്ങളുടെ ടീമുകള്‍ക്കൊപ്പം മത്സരം ആസ്വദിക്കാനുള്ള അവസരമുണ്ടാകും. നിലവിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഗള്‍ഫ് മേഖലയിലെ മുഴുവന്‍ ആളുകളും 2022 ഫിഫ ഖത്തര്‍ ലോകകപ്പ് കാണാനെത്തുമെന്നുമാണ് പ്രതീക്ഷയെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി.

ലോകകപ്പ് ഫൈനല്‍ വേദിയായ ലുസെയ്ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തവെ പ്രാദേശിക മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സമസ്ത മേഖലയിലും ലോകകപ്പിനായി സുസജ്ജമായ ഖത്തറിന്റെ തയാറെടുപ്പുകളില്‍ പൂര്‍ണസംതൃപ്തിയുണ്ട്. കാണികള്‍ക്ക് ഖത്തറിന്റെ സമ്പന്നമായ ആതിഥേയ പാരമ്പര്യം ആസ്വദിക്കാം. കാണികളില്‍ ഫുട്‌ബോള്‍ ആവേശം ജനിപ്പിക്കുന്ന സ്റ്റേഡിയങ്ങള്‍ ഓരോന്നും പ്രൗഢവും ഉദാത്തവുമാണ്. ലോകകപ്പിനായി ഇത്രയധികം തയാറെടുപ്പുകള്‍ നടത്തുന്ന മറ്റൊരു രാജ്യത്തെയും താന്‍ കണ്ടിട്ടില്ലെന്നും ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു.

ലോകകപ്പ് സുസ്ഥിരതയുടെ ഭാഗമായുള്ള വേറിട്ട അടിസ്ഥാന സൗകര്യങ്ങള്‍, അത്യാധുനിക ശൈലിയിലുള്ള സ്റ്റേഡിയങ്ങള്‍ ഇവയെല്ലാം 2022 ലോകകപ്പിന്റെ അപൂര്‍വ സവിശേഷതകളാണ്. ലോകകപ്പിന് ശേഷം സ്റ്റേഡിയം സീറ്റുകള്‍ അവികസിത രാജ്യങ്ങളിലെ കായിക മേഖലയ്ക്കായി സംഭാവന ചെയ്യുമെന്നതും ഖത്തര്‍ ലോകകപ്പിനെ അസാധാരണമാക്കുന്നു. കാണികള്‍ക്ക് സൗകര്യപ്രദമായി ദിവസേന നാലു മത്സരങ്ങള്‍ കാണാന്‍ കഴിയത്തക്ക വിധമാണ് യാത്രാ സൗകര്യങ്ങളും.

ലോകകപ്പ് ഫൈനല്‍ മത്സര വേദിയായ ലുസെയ്ല്‍ സ്റ്റേഡിയത്തിന്റെ 70 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. സ്റ്റേഡിയത്തിനുള്ളില്‍ ‘പോസിറ്റീവ് വൈബ്’ ആണുള്ളതെന്ന് സന്ദര്‍ശനത്തിന് ശേഷം ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകും. 80,000 പേര്‍ക്ക് ഇരിക്കാവുന്ന ലുസെയ്‌ലില്‍ ഗ്രൂപ്പ് ഘട്ടം, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. ഫനാര്‍ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വെളിച്ചവും നിഴലും ഇഴ ചേര്‍ന്നുള്ള ഡിസൈന്‍.

അറബ് രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്റെ ബാഹ്യഭാഗത്തിന്റെ ഡിസൈന്‍. കളിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, പിച്ച്, വെളിച്ച സംവിധാനങ്ങള്‍, പരിശീലന സൈറ്റുകള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് പുരോഗമിക്കുന്നത്.

സ്റ്റേഡിയത്തിന് ചുറ്റുമായി തണലേകാന്‍ മരങ്ങളും കാണികള്‍ക്ക് വിശ്രമിക്കാന്‍ മനോഹരമായ പൂന്തോട്ടങ്ങളുമുണ്ട്. ദോഹ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ലുസെയ്ല്‍ സ്റ്റേഡിയത്തിന്റെ ഉള്‍ഭാഗം ലോകകപ്പിന് ശേഷം വിനോദ, കായിക കേന്ദ്രമായി മാറും. സ്‌കൂള്‍, പാര്‍പ്പിട യൂണിറ്റുകള്‍, കഫേകള്‍, കായിക സൗകര്യങ്ങള്‍, റീട്ടെയ്ല്‍ വിനോദ കേന്ദ്രങ്ങള്‍ എന്നിവയെല്ലാമുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.