1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2020

സ്വന്തം ലേഖകൻ: പൊലീസിന്റെ ചിത്രങ്ങള്‍ പകർത്തുന്നതും പങ്കിടുന്നതും നിയന്ത്രിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിലെ തെരുവിലിറങ്ങിയത്.

ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും.

കറുത്തവര്‍ഗക്കാരനായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് രാജ്യം നടുങ്ങിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ നിയമനിര്‍മ്മാണം. നിയമപ്രകാരം കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം വരെ തടവും 45,000 യൂറോ (39,81,907.17 ഇന്ത്യന്‍ രൂപ) പിഴയും പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിട്ടതിന് ലഭിക്കാം.

കഴിഞ്ഞയാഴ്ചയാണ് നിയമം ദേശീയ അസംബ്ലി പാസാക്കിയത്. എന്നാല്‍ നിയമം ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയതിനാല്‍ സെനറ്റിന്റെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്.തങ്ങളുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന സ്വഭാവമായ ‘പൊതു സ്വാതന്ത്ര്യത്തിന്” വിരുദ്ധമായ നിയമം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

പുതിയ നിയമത്തിനെതിരെ പാരീസില്‍ നടന്ന പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ ‘നമ്മുടെ സ്വാതന്ത്ര്യത്തിനായി’ എന്ന ബാനറും പാരീസ് പോലീസ് തലവന്‍ ഡിഡിയര്‍ ലാലമെന്റിന്റെ വികൃതമാക്കിയ ചിത്രം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

എല്ലായിടത്തും പൊലീസ്, നീതി എവിടെയും ഇല്ല, പൊലീസ് സംസ്ഥാനം, നിങ്ങളെ തല്ലുന്ന സമയത്ത് പുഞ്ചിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനക്കാര്‍ ഉയര്‍ത്തി.

കൊറോണ രോഗഭീതിയെ പരിഗണിക്കാതെയാണ് 46,000ത്തോളം പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ ശനിയാഴ്ച രാജ്യവ്യാപകമായി നടന്നത്. ബാര്‌ഡോ, ലില്ലെ, മോണ്ട്‌പെല്ലിയര്‍, നാന്റസ് എന്നിവിടങ്ങളില്‍ നടന്ന മറ്റ് മാര്‍ച്ചുകളിലും ആയിരങ്ങള്‍ പങ്കെടുത്തു. ”നിയമം പിന്‍വലിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്,” മോണ്ട്‌പെല്ലിയര്‍ മാര്‍ച്ചില്‍ പങ്കെടുത്ത 22 കാരനായ സോഷ്യോളജി വിദ്യാര്‍ത്ഥി അഡെല്‍ ലെക്വര്‍ട്ടിയര്‍ പറഞ്ഞു.

കാറുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടതായി പൊലീസ് പറഞ്ഞു. തീ അണയ്ക്കുന്നതില്‍ നിന്ന് പ്രതിഷേധക്കാര്‍ അഗ്‌നിശമനസേനയെ തടസ്സപ്പെടുത്തിയെന്നും പൊലീസ് ആരോപിച്ചു. സംഭവത്തില്‍ ഒന്‍പത് പേരെ വൈകുന്നേരം കസ്റ്റഡിയിലെടുത്തു.

കണ്ണീര്‍ വാതകം ഷെല്ലുകള്‍ പ്രയോഗിച്ച സുരക്ഷാ സേനയ്ക്ക് നേരെ ചില പ്രതിഷേധക്കാര്‍ തിരിച്ച് കല്ലെറിഞ്ഞതായി എ.എഫ്. പി ലേഖകന്‍ പറഞ്ഞു.

”വളരെ സമാധാനപരമായ പ്രതിഷേധത്തില്‍ ചെറിയ അക്രമ സംഭവങ്ങളുണ്ടായെന്ന്’ പാരീസില്‍ നിന്നുള്ള അല്‍ ജസീറയുടെ ലേഖകന്‍ നതാച ബട്ട്ലര്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച അവസാനമായിരുന്നു ബ്ലാക്ക് സംഗീത നിര്‍മ്മാതാവായ മൈക്കല്‍ സെക്ലറെ പാരീസിലെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. പാരിസ് പൊലീസ് സേനയില്‍ രൂഢമായ വംശീയതയെക്കുറിച്ചുള്ള ആശങ്കകള്‍ ഈ സംഭവം വര്‍ദ്ധിപ്പിച്ചിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ സംഭവത്തെ അപലപിക്കുകയും ”അസ്വീകാര്യമായ ആക്രമണം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഫോട്ടോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു പോലീസിനെതിരെ ഉയര്‍ന്നത്. എന്നാല്‍ പൊലീസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നിയമം നിര്‍മ്മിക്കുകയായിരുന്നു അധികാരികള്‍ ചെയ്തത്. ഓണ്‍ലൈന്‍ ദുരുപയോഗത്തില്‍ നിന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ മാക്രോണ്‍ ഭരണകൂടം കൂടുതല്‍ വലതുവശത്തേക്ക് ചെരിയുന്നതിന്റെ തെളിവാണിതെന്ന് വിമര്‍ശകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.