1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2019

സ്വന്തം ലേഖകൻ: 2019 ജനുവരി 15 -ന് അൽശബാബ് എന്ന തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ നെയ്‌റോബിയിലെ Dustit D2 ഹോട്ടലിൽ ഇരച്ചു കടന്നുകയറി നടത്തിയ അക്രമണത്തിന്റെ ദൃശ്യങ്ങളിൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒരാളുണ്ടായിരുന്നു. പരിഭ്രാന്തിയ്ക്കിടെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് തീർത്തും യാദൃച്ഛികമായി അവിടെ സന്നിഹിതനായിരുന്ന ഒരാളായിരുന്നു.

കെനിയൻ സൈനികർ വരുന്നതുവരെ കാക്കാതെ കയ്യിലുണ്ടായിരുന്ന പ്രൊട്ടക്ഷൻ ഗിയർ ധരിച്ച്, ആകെയുണ്ടായിരുന്ന ഒരു അസാൾട്ട് റൈഫിൾ കയ്യിലെടുത്ത് നാലിൽ രണ്ടു ഭീകരരന്മാരെ വെടിവെച്ചു കൊല്ലുകയും, ഒപ്പം എഴുനൂറോളം കെനിയൻ പൗരന്മാരെ സുരക്ഷിതമായി പുറത്തിറക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. സുരക്ഷാകാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ സാധിക്കാത്ത ഇയാൾ ബ്രിട്ടന്റെ SAS അഥവാ സ്‌പെഷ്യൽ എയർ സർവീസസ് കമാൻഡോയാണ്. മാധ്യമങ്ങളിൽ ഇയാൽ ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത് മൈക്ക് എന്ന പേരിലാണ്.

കെനിയയെ വിറപ്പിച്ച ആ ആക്രമണത്തിനിടെ, തന്റെ ഉത്തരവാദിത്തം അല്ലാതിരുന്നിട്ടും, സ്വന്തം ജീവൻ പണയപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മൈക്കിനെത്തേടി ധീരതയ്ക്കുള്ള പുരസ്കാരം എത്തി. ബ്രിട്ടനിലെ വിക്ടോറിയ ക്രോസ്സ് എന്ന പരമോന്നത ധീരതാ പുരസ്‌കാരത്തിന് തൊട്ടുതാഴെയുള്ള ഗാലൻട്രി ക്രോസ്സ് ആണ് മൈക്കിന് ലഭിച്ചത്.

22 SAS -ന്റെ ഭാഗമായി 18 വർഷത്തോളം ബാൽക്കൻസിലും, ഇറാഖിലും, അഫ്‌ഗാനിസ്ഥാനിലും, വടക്കൻ അയർലൻഡിലും ഒക്കെ സേവനമനുഷ്ഠിച്ചിട്ടുള മൈക്ക്, ആ ആക്രമണം നടക്കുന്ന ദിവസം അവിടെ നെയ്‌റോബിയിൽ തീവ്രവാദികൾ ലക്ഷ്യമിട്ട ഹോട്ടലിന് തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നത് തികച്ചും യാദൃച്ഛികം മാത്രമായിരുന്നു. രാജ്യത്തെ തദ്ദേശീയരായ സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡോകൾക്ക് SAS ലെവൽ പരിശീലനം നല്കാൻ വേണ്ടി മാത്രം കെനിയൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് നെയ്‌റോബിയിലെത്തിയതായിരുന്നു മൈക്ക്.

ഹോട്ടലിന്റെ ലോബിയിലേക്ക് സിവിൽ ഡ്രസ്സിൽ കടന്നുവന്ന അഞ്ച് തീവ്രവാദികളിൽ ഒരാൾ ദേഹത്ത് ധരിച്ചിരുന്ന സൂയിസൈഡ് വെസ്റ്റ് പ്രവർത്തിപ്പിച്ച് സ്വയം പൊട്ടിത്തെറിക്കുന്നതോടെയാണ് ആക്രമണം തുടങ്ങുന്നത്. കാർപാർക്കിങ്ങിൽ രണ്ടാമത്തെ സ്ഫോടനം. നാലു തീവ്രവാദികൾ യന്ത്രത്തോക്കുകളും കയ്യിലേന്തി കണ്ണിൽ കാണുന്നവരെയൊക്കെ വെടിവെച്ചുകൊന്നുകൊണ്ട് ഹോട്ടലിന്റെ ലോബിയുടെ നടന്നുനീങ്ങുന്നു. ഹോട്ടലിന് പുറമെ ആ കെട്ടിടത്തിൽ ഒരു ബാങ്കും ഉണ്ടായിരുന്നതുകൊണ്ട് വിദേശികൾ സ്ഥിരമായി വന്നുപോയിരുന്നു. അതുതന്നെയാണ് തീവ്രവാദികൾ ആ ഹോട്ടൽ തന്നെ തെരഞ്ഞെടുക്കാൻ കാരണം.

വെടിയൊച്ചകൾ ഉയർന്നു കേട്ടപ്പോൾ അത് തീവ്രവാദ ആക്രമണമാണ് എന്ന് മനസ്സിലാക്കാൻ തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ പരിചയം മൈക്കിന് തുണയായി. രണ്ടും കൽപ്പിച്ച് അദ്ദേഹം തന്റെ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് എടുത്തണിഞ്ഞു. കയ്യിലുണ്ടായിരുന്നത് ഒരു കോൾട്ട് കാനഡ C8 സ്‌പെഷ്യൽ ഫോഴ്സസ് വെപ്പൺ ആണ് അതും കയ്യിലേന്തി നേരെ അക്രമികൾ അതിക്രമിച്ചു കയറിയ ഹോട്ടലിലേക്ക്.

അവിടെ കുടുങ്ങിക്കിടന്നിരുന്ന നിരവധി അതിഥികളെ സ്വന്തം ജീവൻ പണയപ്പെടുത്തിത്തന്നെ മൈക്ക് രക്ഷപ്പെടുത്തി. അതിനിടെ, രണ്ടു തീവ്രവാദികളുമായി നേരിട്ട് പോരാടേണ്ടി വന്നു. അവർ ആ രണ്ട് അൽ ശബാബ് തീവ്രവാദികളും മൈക്കിന്റെ തോക്കിനിരയായി. തന്റെ മുഖം തിരിച്ചറിയാതിരിക്കാൻ ഒരു മാസ്കും ധരിച്ചുകൊണ്ടാണ് മൈക്ക് തന്റെ ഇടപെടലുകൾ നടത്തിയത്.

മൈക്ക് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി അരമണിക്കൂറിനകം, മൈക്കിന്റെ ട്രെയിനികൾ അടങ്ങുന്ന കെനിയൻ പോലീസിന്റെ കൗണ്ടർ ടെററിസ്റ്റ് വാർഫെയർ ടീം രംഗത്തെത്തി. അവരുടെ ഓപ്പറേഷന് നേതൃത്വം നൽകിയതും മൈക്ക് തന്നെയായിരുന്നു. മൂന്നുമണിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ 19 മണിക്കൂർ നേരത്തോളം നീണ്ടുനിന്നു. ബ്രിട്ടീഷ് പൗരനായ ലൂക്ക് പോട്ടർ അടക്കം 21 പേരാണ് തീവ്രവാദികളുടെ തോക്കുകൾക്ക് ഇരയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.