1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ലോകകപ്പ് ഹീറോ പാഡഴിച്ചു; ഗൗതം ഗംഭീറിന് ഗംഭീര യാത്രയയപ്പ് നല്‍കി ക്രിക്കറ്റ് ലോകവും ആരാധകരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഇടംകൈയന്‍ ഓപ്പണര്‍മാരിലൊരാളായ ഗൗതം ഗംഭീറിന് യാത്രയയപ്പ് നല്‍കി കായിക ലോകം. റോബിന്‍ ഉത്തപ്പ, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, ബി.സി.സി.ഐ, ഐ.സി.സി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങി നിരവധി ആരാധകരും താരങ്ങളുമാണ് ലോകകപ്പിലെ സൂപ്പര്‍ ഹീറോയ്ക്ക് യാത്രയയപ്പ് നല്‍കിയത്.

ഗംഭീറിന്റെ ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങള്‍ നേരുന്നു എന്നായിരുന്നു ബി.സി.സി.ഐ ട്വിറ്ററില്‍ കുറിച്ചത്. ഗംഭീറിന്റെ പ്രകടനത്തെ കുറിച്ചും താരത്തിന്റെ വിരമിക്കലുണ്ടാക്കുന്ന ക്രിക്കറ്റ് ലോകത്തിന്റെ നഷ്ടത്തെ കുറിച്ചും താരം നല്‍കിയ സംഭാവനകളെ കുറിച്ചുമാണ് കൂടുതലാളുകളും പങ്കുവെയ്ക്കുന്നത്. ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരം അവസാനത്തേതായിരിക്കുമെന്നാണ് ഗംഭീറിന്റെ പ്രഖ്യാപനം.

15 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണെന്നായിരുന്നു ഗംഭീര്‍ ഫേസ്ബുക്ക് വീഡിയോയില്‍ അറിയിച്ചത്. സൗരവ് ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യയുടെ വിശ്വസ്തനായ ഇടംകൈയന്‍ ഓപ്പണറായിരുന്നു ഗംഭീര്‍. 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനലിലും 2011 ലെ ഏകദിനലോകകപ്പിലും ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയെ കിരീടം നേടാന്‍ സഹായിച്ചത്.

58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി20യിലും ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയ ഗംഭീര്‍ 10324 റണ്‍സ് നേടിയിട്ടുണ്ട്. 2012 ലും 2014 ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ് ഗംഭീര്‍. സച്ചിന്‍സെവാഗ് ഓപ്പണിംഗ് ജോഡി ഇന്ത്യന്‍ ടീമില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ഗംഭീര്‍ ഇന്ത്യന്‍ ജഴ്‌സിയണിയുന്നത്. രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ് ഗംഭീര്‍. 2016 ല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.