1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2020

സ്വന്തം ലേഖകൻ: പൊലീസിന്റെ ക്രൂരതയിൽ ശ്വാസം നിലച്ചുപോയ ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം. മിന്നെസോട്ടയിലെപ്രത്യേക കേന്ദ്രത്തിൽ ഫ്ളോയിഡിന്റെ സംസ്‌കാര ചടങ്ങുകൾ നടന്ന വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും യു എസ്സിലെ വിവിധയിടങ്ങളിൽ ഒത്തുചേർന്ന ജനങ്ങൾ 8 മിനിട്ട് 46 സെക്കൻഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിടയേകിയത്.

വർണവെറിയനായ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ 8 മിനിട്ട് 54 സെക്കൻഡ് സമയം ശ്വാസം കിട്ടാതെ പിടഞ്ഞാണ് കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ളോയിഡ് മരിക്കുന്നത്. ആ സമയത്തിന്റെ ഓർമയിലാണ് ഒരു രാജ്യവും അത്രയും സമയം മൗനമാചരിച്ചത്. അത് വെറുമൊരു ദുഃഖാചരണം മാത്രമായിരുന്നില്ല. വർണവിവേചനത്തിനെതിരേയുള്ള പോരാട്ടവും പ്രതിഷേധവും കൂടിയായിരുന്നു. ജോർജിന്റെ മരണത്തിനു പിന്നാലെ അമേരിക്കയിൽ അലയടിച്ചുയർന്ന വർഗവിവേചനത്തിനെതിരെയുള്ള പോരാട്ടാത്തിന്റെ തുടർച്ച.

‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ അവസാന വാചകം മുദ്രാവാക്യമാക്കിയാണ് രാജ്യത്ത് അനുശോചന യോഗങ്ങൾ നടന്നത്. ക്രൂരമായ ആ കൊലപാതകം നടന്ന മിനിയപൊളിസിയിലേക്ക് നൂറുകണക്കിനാളുകളാണ് ഫ്ളോയിഡിനു വേണ്ടിയെത്തിയത്. വന്നവർ എട്ടുമിനിട്ട് നേരം ഫ്ളോയിഡിന് അന്ത്യോപചാരമർപ്പിച്ച് നിലത്ത് കിടന്നു. ജോർജ് ഫ്ളോയിഡിന് നീതി വേണമെന്നും ഇത്തരം അടിച്ചമർത്തലുകൾക്കിടയിൽ ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ആളുകൾ വിളിച്ചു പറഞ്ഞു.

മിനിയപൊളിസിയിലെ ഡറിക് ചൗ എന്ന പൊലീസുകാരന്റെ ക്രൂരതയിൽ പശ്ചാത്തപിച്ച് അമേരിക്കയിലെ പൊലീസുകാരനും അനുശോചന യോഗങ്ങളിൽ പങ്കാളികളായി. വിവിധ ഇടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ ഒരു കാലിൽ മുട്ടുകുത്തി എട്ടുമിനിട്ടോളം ജോർജിന്റെ ഓർമയിൽ ശിരസുകുനിച്ചിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, സർക്കാർ ജീവനക്കാർ തുടങ്ങിയവരും ജോർജിനു വേണ്ടി ശിരസ് കുനിച്ചു.

കറുത്ത വർഗ്ഗക്കാർക്കെതിരേ നടക്കുന്ന വർണവിവേചനത്തിനെതിരേ സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ ഇപ്പോൾ നടക്കുന്നത്. മേയ് 25 ന് ഫ്ളോയിഡ് കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്കൻ ഭരണകൂടത്തിനെതിരേ ഉണ്ടായ പ്രതിഷേധം ലോകം മുഴുവൻ അലയടിക്കുകയാണ്.

വൈറ്റ് ഹൗസ് ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം ജനരോഷത്തിന്റെ അഗ്‌നിയാളി. അടിച്ചമർത്താൻ കഴിയാത്ത വിധം ശക്തമാണ് ജനങ്ങളുടെ പ്രതിഷേധം. കുറ്റക്കാരെയെല്ലാം സർവീസിൽ നിന്നും പിരിച്ചു വിടുകയും ഗുരുതരമായ കുറ്റങ്ങൾ അവർക്കെല്ലാം എതിരേ ചുമത്തുകയും ചെയതെങ്കിലും ജനം അടങ്ങിയിട്ടില്ല. വർണവെറി അവസാനിപ്പിക്കണമെന്നാണ് അവർ ഒറ്റസ്വരത്തിൽ പറയുന്നത്. മനുഷ്യനെ നിറത്തിന്റെ പേരിൽ കൊല്ലുന്നത് ഇനി നടക്കില്ലെന്നാണ് ജോർജ് ഫ്ളോയിഡ് എന്ന പേര് ആവർത്തിച്ചാവർത്തിച്ച് ഉച്ഛരിച്ച് ജനം മുന്നോട്ടു കുതിക്കുന്നത്.

“ബ്രിയോണ ടെയ്‌ലര്‍, നിന്റെ ജന്മദിനത്തില്‍ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം,” വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം ചെയ്തുകൊണ്ട് ഡി.സി മേയര്‍ മ്യൂറിയല്‍ ബൗസര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയില്‍ വംശീയ വിവേചനത്തിന് ഇരയായി 26ാം വയസ്സില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ആഫ്രോ- അമേരിക്കനാണ് ടെയ്‌ലര്‍. അമേരിക്ക എങ്ങനെയാണോ ആവേണ്ടത് അങ്ങനെ ആക്കുക എന്നതു തന്നെയാണ് തീരുമാനമെന്നും ബൗസര്‍ കൂട്ടിച്ചേര്‍ത്തു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാഷിംഗ്ടണ്‍ ഡി.സി മേയര്‍ ബൗസറും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് തെരുവിന് പുതിയ പേര് നല്‍കിക്കൊണ്ട് പ്രതിഷേധങ്ങള്‍ക്കുള്ള തന്റെ പിന്തുണ ബൗസര്‍ വ്യക്തമാക്കിയത്.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യമാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍. മഞ്ഞ നിറമുപയോഗിച്ച് തെരുവില്‍ ഈ മുദ്രാവാക്യം വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുമുണ്ട്.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ആദരസൂചകമായിട്ടാണ് തെരുവിന്റെ പേര് മാറ്റിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞത്.

തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ട്രംപ് സ്വീകരിക്കുന്ന നയത്തിനെതിരെ ബൗസര്‍ കടുത്ത വിയോജിപ്പ് രേഖപ്പെട്ടുത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തുന്ന അക്രമത്തിനെതിരേയും ബൗസര്‍ പ്രതികരിച്ചിരുന്നു.

അമേരിക്കയില്‍ നിങ്ങള്‍ക്ക് സമാധാനപരമായി സംഘടിക്കാന്‍ പറ്റുമെന്നായിരുന്നു പ്രതിഷേധക്കാരോട് ബൗസര്‍ പറഞ്ഞത്. ബൗസറിന്റെ നിലപാടുകളോട് ട്രംപിന് കടുത്ത അമര്‍ഷമാണുള്ളത് എന്നാണ് റിപ്പോർട്ട്.

മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് കറുത്ത വർഗക്കാരി പെൺകുട്ടി

ന്യൂയോര്‍ക്കിലെ മെറിക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ആഫ്രിക്കൻ അമേരിക്കന്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് തീഷ്ണതുള്ള മുഖത്തോടെ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് വിഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാവുകയായിരുന്നു.

റാലിയില്‍ മുട്ടുകുത്തിയിരുന്ന് പ്രതിഷേധിച്ച് ജസ്റ്റിന്‍ ട്രൂഡോ

അമേരിക്കന്‍-ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാനഡയില്‍ നടന്ന വംശീയതയ്‌ക്കെതിരായ റാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രതിഷേധക്കാരുടെ നടുവില്‍ മുട്ടിലിരുന്നാണ് ട്രൂഡോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഈ നടപടി വ്യാപകമായി പ്രശംസിക്കപ്പെട്ടു.

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതില്‍ അമേരിക്കയുടെ പലഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. വര്‍ണവിവേചനം അവസാനിപ്പിക്കണമെന്നും ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. ഇതിന്റെ ഭാഗമായാണ് കാനഡ പാര്‍ലമെന്റിന് സമീപത്തെ യുഎസ് എംബസിക്ക് മുന്നില്‍ വംശീയതക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.

റാലിയിലേക്ക് കറുത്ത മാസ്‌ക് ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം അപ്രതീക്ഷിതമായാണ് ട്രൂഡോ എത്തിയത്. ഏറെ നേരം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ മൂന്ന് തവണയോളം ട്രൂഡോ നിലത്ത് മുട്ടുകുത്തിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തെങ്കിലും ട്രൂഡോ പ്രസംഗിച്ചില്ല. ട്രൂഡോയുടെ ഈ പ്രവര്‍ത്തിയെ നിരവധി പേരാണ് പ്രശംസിച്ചത്. ടൊറന്റോയിലുള്‍പ്പെടെ കാനഡയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.