1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2020

സ്വന്തം ലേഖകൻ: ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ളോയിഡ് പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ അമേരിക്കയിലെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. ജോർജ് ഫ്ളോയിഡിന് നീതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് തെരുവുകൾതോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്.

ഇതിനിടെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയാമി പോലീസും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഫ്ളോറിഡയിലെ മിയാമിക്ക് സമീപത്തെ കോറൽ ഗേബ്ലസ് നഗരത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മിയാമി പോലീസ് അസോസിയേഷൻ കോറൽ ഗേബ്ലസിലെ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്തിയിരുന്നത്. അമേരിക്കയിലെ പല ഉദ്യോഗസ്ഥരും മിനിയാപ്പോലിസ് പോലീസിന്റെ നടപടിയെ അപലപിച്ചിട്ടുണ്ട്. ജോർജ് ഫ്ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിലെ പോലീസ് മേധാവി കൊലപാതകത്തെ പരസ്യമായി അപലപിച്ചിരുന്നു.

വൈറ്റ് ഹൗസിന് സമീപത്തെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപല്‍ പള്ളിക്ക് മുന്നിലെത്തി ട്രംപ് ബൈബിള്‍ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രസംഗത്തിനെതിരെ കത്തോലിക്കാ ബിഷപ്പ്. വാഷിംഗ്ടണിലെ വനിതാ ബിഷപായ റവ. മരിയാന്‍ ബഡ്ഡെയാണ് അമേരിക്കന്‍ പ്രസിഡന്റിനെ പരസ്യമായി വിമര്‍ശിച്ചത്. ടി.വി അഭിമുഖത്തിനിടെയായിരുന്നു പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തേയും ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രസംഗത്തേയും ബിഷപ്പ് ‘പരിഹാസ്യ നാടകം’ എന്ന് വിശേഷിപ്പിച്ചത്.

ആഫ്രിക്കൻ-അമേരിക്കൻ വർഗക്കാരനായ ജോർജ് ഫ്ളോയ്‌ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി, സർവീസിൽനിന്നു പുറത്താക്കിയിരുന്നു. നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്.

ദിവസങ്ങളായി നടക്കുന്ന വംശീയ വിദ്വേഷത്തിനെതിരായ പ്രക്ഷോഭത്തില്‍ പള്ളിയുടെ പുറംഭാഗത്ത് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പള്ളിയുടെ താഴത്തെ നിലയില്‍ ആരോ തീ കൊളുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉടന്‍ തന്നെ കണ്ടുപിടിച്ച് തീ അണച്ചതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്ന് പിന്നീട് പള്ളി അധികൃതര്‍ തന്നെ വ്യക്തമാക്കിയതാണ്.

ഇതിന് ശേഷമാണ് തികച്ചും നാടകീയമായി സെന്റ് ജോണ്‍സ് ചര്‍ച്ചിലേക്ക് ഡോണള്‍ഡ് ട്രംപ് ബൈബിളുമായി നടന്നുവന്നത്. വൈറ്റ് ഹൗസിന് സമീപത്തെ പ്രക്ഷോഭകരെ ലാത്തി വീശിയും ടിയര്‍ ഗ്യാസ് ഉപയോഗിച്ചും നീക്കിയായിരുന്നു പ്രസിഡന്റിന്റെ എല്ലാവിധ സുരക്ഷാ അകമ്പടിയോടെയുമുള്ള വരവ്.

പള്ളിക്ക് മുന്നില്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിച്ചാണ് ട്രംപ് മടങ്ങിയത്. ‘ലോകത്തെ ഏറ്റവും മഹത്തായ രാഷ്ടത്തെ കാക്കും’ എന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. സ്വകാര്യ രാഷ്ട്രീയ ആവശ്യത്തിന് ബൈബിള്‍ ഉപയോഗിച്ചതിനെതിരെയാണ് ബിഷപ് റവ. മരിയാന്‍ ബഡ്ഡെ പരസ്യമായി വിമര്‍ശിച്ചിരിക്കുന്നത്.

മിനിയാപൊലിസില്‍ നടന്ന ഒരു അറസ്റ്റിനിടെയാണ് ഡെറിക്, ജോര്‍ജ്ജിനെ കൊലപ്പെടുത്തിയത്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്‍റെ കാല്‍മുട്ടുകള്‍ കൊണ്ട് ഏകദേശം എട്ട് മിനിട്ട് 45 സെക്കൻഡാണ് ഡെറിക് ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചത്. തനിക്ക് ശ്വസിക്കാൻ കഴിയില്ലെന്നും ജോർജ് പറയുന്നുണ്ടെങ്കിലും ഡെറിക് പിന്മാറാന്‍ തയാറായിരുന്നില്ല.

അയാള്‍ക്ക് ശ്വാസം കിട്ടില്ലെന്നും മരിച്ചുപോകുമെന്നും ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോള്‍ ‘അവനു സംസാരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ശ്വാസവും കിട്ടും’ എന്നായിരുന്നു ഡെറിക്കിന്റെ മറുപടി. വിലങ്ങുകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന ജോര്‍ജ് അല്‍പ്പസമയത്തിനു ശേഷം ബോധരഹിതനായി. സ്റ്റേഷനിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. കള്ളനോട്ട് നൽകിയെന്ന സംശയത്താലാണ് പൊലീസ് ജോർജിനെ അറസ്റ്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.