1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2020

സ്വന്തം ലേഖകൻ: ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിക്കു പുറമെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ കൂടെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റു ചെയ്തു. ടൊ താഹൊ, തോമസ് ലെയ്ൻ, ജൊ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്.

ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊന്നു എന്ന് പറയപ്പെടുന്ന ഓഫീസർ ഡെറക് ചോവിനെതിരെ കൊലപാതകകുറ്റമാണു ചുമത്തിയിരിക്കുന്നത്. 40 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് മറ്റുള്ള മൂന്നു പേർക്കെതിരെയുള്ള കേസ്. മിനിസോട്ട അറ്റോർണി ജനറൽ കീത്ത് എല്ലിസനാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്നു രാജ്യത്താകമാനം പ്രതിഷേധവും ആക്രമണവും ശക്തമാകുന്നതിനിടെ, അറ്റോർണി ജനറലിന്റെ പുതിയ പ്രഖ്യാപനം സമരത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടയിൽ ജോർജ് ഫ്ലോയ്ഡിന്റെ ഓട്ടോപ്സി റിപ്പോർട്ട് പുറത്തു വന്നു. 20 പേജുള്ള റിപ്പോർട്ടിൽ ഫ്ലോയ്ഡിന് ഏപ്രിൽ മാസം കൊറോണ വൈറസ് പോസീറ്റിവായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഫ്ലോയ്ഡിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയപ്പോൾ ഹൃദ്രോഗം ഉണ്ടായതായും റിപ്പോർട്ടിലുണ്ട്. എന്നാൽ മരണം കൊലപാതകമായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ജോര്‍ജ് ഫ്‌ലോയ്ഡ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം യു.എസില്‍ എട്ടാം ദിവസവും തുടരുകയാണ്. പതിനായിരങ്ങള്‍ കഴിഞ്ഞ രാത്രിയും പ്രതിഷേധവുമായി തെരുവിലിറങ്ങി. 29 നഗരങ്ങളില്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കാനായിട്ടില്ല.

ഫ്‌ളോയ്ഡിന്റെ ജന്മനഗരമായ ടെക്‌സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചത്. ഫ്‌ളോയ്ഡിന്റെ ബന്ധുക്കളും പങ്കുചേര്‍ന്നു. ഒട്ടേറെ നഗരങ്ങളില്‍ ജനം കര്‍ഫ്യൂ ലംഘിച്ചു. അക്രമവും കൊള്ളയും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് മുന്‍ദിവസങ്ങളില്‍ പലനഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

പ്രതിഷേധം കനത്ത വാഷിങ്ടണ്‍ ഡി.സി.യില്‍ വീണ്ടും സൈന്യമിറങ്ങി. വൈറ്റ്ഹൗസിനുനേരെ നീങ്ങിയ പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും എത്തി. പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ചതോടെ ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ ജില്ലയില്‍ ഗതാഗതം നിരോധിച്ചു. ഇവിടെ കര്‍ഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടി. ലോസ് ആഞ്ജലിസ്, ഫിലാഡല്‍ഫിയ, അറ്റ്ലാന്റ, സീറ്റില്‍, മിനിയാപോളീസ് എന്നിവിടങ്ങളില്‍ വലിയ റാലികള്‍ നടന്നു.

വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ നശപ്പിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തെ തുടര്‍ന്ന്‌ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.