1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2020

സ്വന്തം ലേഖകൻ: വര്‍ണവെറിയുടെ ഇരയായി അമേരിക്കയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിന്നെസോട്ട സിറ്റിയിലാണ് ചടങ്ങുകള്‍. വ്യാഴാഴ്ച രാത്രി മുതല്‍ ആയിരങ്ങളാണ് ഫ്‌ളോയ്ഡിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സംസ്‌കാര ചടങ്ങിനായി പ്രത്യേകം സജ്ജീകരിച്ച ഇടത്തേക്ക് എത്തിയത്.

ഈ ദിവസത്തോടെ തന്റെ ജ്യേഷ്ഠന്‍ വിടപറയുകയാണ്. എങ്കിലും ഫ്‌ളോയിഡിന്റെ പേര് എക്കാലവും നിലനില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ടെറന്‍സ് ഫ്‌ളോയിഡ് വ്യക്തമാക്കി. ആയിരങ്ങളുടെ മനസില്‍ സ്ഥാനംപിടിച്ചാണ് സഹോദരന്‍ വിടവാങ്ങുന്നതെന്നും ബ്രൂക്ക്‌ലിനില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോദന ചെയ്ത്‌ അദ്ദേഹം പറഞ്ഞു.

അതേസമയം കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള പോലീസ് അതിക്രമത്തില്‍ അമേരിക്കയില്‍ പ്രതിഷേധം തുടരുകയാണ്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ജോര്‍ജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കിയാണ് രാജ്യമെമ്പാടും ജനങ്ങളുടെ പ്രതിഷേധം. ട്രംപിനെതിരേയും ഭരണകൂടത്തിനെതിരേയും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയോളമായി അമേരിക്കന്‍ തെരുവുകളില്‍ അരങ്ങേറുന്നത്.

ജോര്‍ജ്ജ് ഫ്‌ളോയിഡിനെ ക്രൂരമായി കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധത്തിനിടെ വെളുത്ത മുടിയുള്ള ഒരാളെ പോലീസ്മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബഫല്ലോയില്‍ പോലീസിനുനേരെ പ്രതിഷേധവുമായെത്തിയ ആളെ പോലീസ് തള്ളി നിലത്തിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു ഉദ്യോഗസ്ഥന്‍ ബാറ്റണ്‍ ഉപയോഗിച്ച് തള്ളുന്നു, രണ്ടാമന്‍ കൈകൊണ്ട് തള്ളുന്നു. ഇതോടെ പ്രതിഷേധവുമായി എത്തിയ ആള്‍ തലയിടിച്ച് നിലത്ത് വീഴുന്നു. തല പൊട്ടി ചോര ഒഴുകുമ്പോഴും നിലത്തുവീണു കിടക്കുന്നയാളെ തിരിഞ്ഞു നോക്കാതെ നടന്നുനീങ്ങുന്ന ഉദ്യോഗസ്ഥരെ ദൃശ്യങ്ങളില്‍ കാണാം.

പ്രാദേശിക പബ്ലിക് റേഡിയോ സ്റ്റേഷനായ ഡബ്ല്യുബിഎഫ്ഒയിലെ ഒരു റിപ്പോര്‍ട്ടര്‍ ആണ് അമേരിക്കന്‍ പോലീസ് നടപടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തിനിരയായ ആള്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതിനിടെ പ്രതിഷേങ്ങള്‍ക്ക് പിന്തുണയറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപ്. വാഷിങ്ടൻ ഡിസിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പൊലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് സോഷ്യയില്‍ മീഡിയയിലൂടെ ടിഫാനി പ്രതിഷേധക്കാര്‍ക്ക് തന്റെ പിന്തുണ അറിയിച്ചത്.

മേയ് 25നാണ് ജോര്‍ജ് ഫ്ളോയ്ഡിനെ മിനിസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. പോലീസ് അതിക്രമത്തിനെതിരേ പ്രതിഷേധം വ്യാപകമായതോടെ കുറ്റക്കാരായ പോലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.