1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2020

സ്വന്തം ലേഖകൻ: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തു. മിനിയപ്പലിസ് പൊലീസ് ഓഫിസർ ഡെറിക് ചൗവിനെയാണ് ഗുരുതര വകുപ്പുകൾ ചേർത്തു കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം, നരഹത്യ ഉൾപ്പെടെയാണ് ഡെറിക്കിനെതിരെ ചുമത്തിയിരിക്കുന്നതെന്നു ഹെന്നപിൻ കൗണ്ടി പ്രോസിക്യൂട്ടർ മൈക്ക് ഫ്രീമാൻ മാധ്യമങ്ങളോടു പറഞ്ഞു.

തിങ്കളാഴ്ചയാണു സൗത്ത് മിനിയപ്പലിസിൽ, ജോർജ് ഫ്ലോയ്ഡിനെ പൊലീസ് നിലത്തുകിടത്തി കഴുത്തിൽ കാൽമുട്ടമർത്തി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടു പൊലീസ് കാറിൽ നിന്നിറക്കി നിലത്തിട്ടു കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചപ്പോഴാണു ജോർജ് ഫ്ലോയ്ഡ് മരിച്ചത്.

വേദനക്കുന്നുവെന്നും ശ്വാസം മുട്ടുന്നെന്നും വെള്ളം വേണമെന്നും ജോർജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പൊലീസ് ബലം പ്രയോഗിച്ചു. ഷർട്ടഴിച്ചു വിലങ്ങണിയിച്ചിരുന്നയാളുടെ മേലായിരുന്നു അതിക്രമം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചലനമറ്റ ജോർജിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരണം സംഭവിച്ചു.

കറുത്ത വർഗക്കാരനെതിരായ അതിക്രമത്തിൽ യുഎസിലാകെ പ്രതിഷേധം ഇരമ്പുകയാണ്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി. മിനസോഡയുടെ തലസ്ഥാന നഗരമായ സെന്റ് പോളിലേക്കും സംഘർഷം വ്യാപിച്ചു.

പ്രതിഷേധ കേന്ദ്രമായ തേഡ് പ്രീസിൻക്റ്റ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു പ്രക്ഷോഭകർ തീയിട്ടു. ഇവിടെ നിന്നു പൊലീസുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ സിഎൻഎൻ റിപ്പോർട്ടർ ഒമർ ജിംനസിനെ പൊലീസ് അറസ്റ്റ് ചെയ്തു വിലങ്ങുവച്ചു കൊണ്ടുപോയി. സിഎൻഎന്നിന്റെ മറ്റു 2 മാധ്യമപ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്. മിനിയപ്പലിസിൽ റെയിൽ ഗതാഗതവും ബസ് സർവീസും ഞായറാഴ്ച വരെ നിർത്തിവച്ചു.

പ്രതിഷേധക്കാരോട് വളരെ മോശമായ സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ കൊള്ളക്കാരെന്ന് വിളിച്ച ട്രംപ് ഇത്തരത്തില്‍ പ്രതിഷേധം തുടര്‍ന്നാല്‍ വെടിവെച്ച് കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. പ്രക്ഷോഭകരെ അക്രമികൾ എന്നു വിശേഷിപ്പിച്ച ട്രംപ്, സംസ്ഥാനത്തു ഭരണ നേതൃത്വമില്ലെന്നും വിമർശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാൽ സൈന്യത്തെ ഇറക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.