1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2020

സ്വന്തം ലേഖകൻ: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിനു എല്ലാവിധ സഹകരണവും നടത്തുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു.

ഏറെ ഗുരുതരമായ കൃത്യത്തിലൂടെ സ്ഥാനപാതി കാര്യാലയത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് യുഎഇ ചൂണ്ടിക്കാട്ടി. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ആരാണ് സ്വര്‍ണമടങ്ങിയ പാഴ്സല്‍ അയച്ചതെന്ന കാര്യത്തില്‍ യുഎഇ അന്വേഷണം നടത്തി വരികയാണ്‌.

സാധാരണ സ്വര്‍ണക്കടത്ത് കേസുകളില്‍ നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാത്ത യുഎഇ ഈ കേസ് അന്വേഷിക്കുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, ഇത് നയതന്ത്ര ചാനലുകള്‍ വഴി നടന്നിരിക്കുന്ന സ്വര്‍ണക്കടത്താണ്. രണ്ട്. ഇന്ത്യയിലെ യുഎഇ കോണ്‍സുലേറ്റിന്‍റെ പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ള കുറ്റകൃത്യം.

സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയും കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയുമായ സ്വപ്ന സുരേഷിനായുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

അതേസമയം മുഖ്യ ആസൂത്രക സ്വപ്നയുടെ ഫ്ലാറ്റ് കസ്റ്റംസ് റെയ്ഡ് നടത്തി. ലാപ്ടോപ്പും പെന്‍ഡ്രൈവും ഹാര്‍ഡ് ഡിസ്ക്കും സ്വപ്നയുടെ ഫ്ലാറ്റില്‍ നിന്നും പിടിച്ചെടുത്തു. ഒരു വര്‍ഷത്തിനിടെ 160 കിലോയിലധികം സ്വര്‍ണം ഇവര്‍ കടത്തിയതായാണ് സൂചന. അറസ്റ്റിലായ പ്രതി സരിതില്‍ നിന്നുമാണ് സ്വപ്നയുടെ പങ്കിനെ കുറിച്ച് വിവര൦ ലഭിച്ചത്.

അതേസമയം, കേസന്വേഷണത്തിന് സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്തരം കുറ്റവാളികളെ കണ്ടെത്തണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസായതിനാല്‍ കസ്റ്റംസിനെ കൂടാതെ CBI, NIA ഏജന്‍സികളും കേസില്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ ഇടപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണമോയെന്ന കാര്യ൦ ധനകാര്യ മന്ത്രാലയം പരിശോധിച്ച് വരികയാണ്‌. ധനമന്ത്രി നിർമലാ സീതാരാമൻ പരോക്ഷ നികുതി ബോർഡിനോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.

മുഖ്യ ആസൂത്രക സ്വപ്ന സുരേഷു(Swapna Suresh)മായുള്ള ബന്ധത്തിന്‍റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)ന്‍റെ ഓഫീസിലെ ഉന്നതന് സ്ഥാനം തെറിച്ചു എന്നതടക്കം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെയും എംപിമാരുടെയും കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നത്. എന്താണ് ഈ കേസില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്നത് സംബന്ധിച്ച പൊതുവായ വിവരങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. കസ്റ്റ൦സിന്‍റെ അന്വേഷണം നിരീക്ഷിച്ച ശേഷം കേസിന്‍റെ കൂടുതല്‍ മാനങ്ങള്‍ അറിയാന്‍ കേന്ദ്രം മറ്റ് അന്വേഷണ ഏജന്‍സികളെ കേസിന്റെ അന്വേഷണം ഏല്‍പ്പിക്കുമെന്നാണ് വിവരം.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശ സഹമന്ത്രി വി. മുരളീധരനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേസിന്‍റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്‍റെ ഗതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും മറ്റ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പ്രഖ്യാപിക്കുക.

ഏകദേശം 15 കോടി രൂപയാണ് മൂല്യ൦ വരുന്ന 30 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമം.കാര്‍ഗോ ഫ്ലൈറ്റിലാണ് ദുബായില്‍ നിന്നും പാഴ്സലെത്തിയത്. പല രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

അതിനിടെ സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. കേസില്‍ കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സൌമ്യയെ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ഉള്‍പ്പെട്ടുവെന്ന് തെളിഞ്ഞാല്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുളള സൌമ്യയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.