1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2020

സ്വന്തം ലേഖകൻ: 176 പേരുടെ മരണത്തിനിടയാക്കിയ യുക്രൈയിൻ വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കെ, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഇറാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമായി. അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ ഇന്നലെ ലണ്ടനിൽ യോഗം ചേർന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കൈമാറുന്നത് വൈകരുതെന്നും അവർ ആവശ്യപ്പെട്ടു.

തുടക്കത്തിൽ നിഷേധിച്ചെങ്കിലും, ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ച് മിസൈൽ അയച്ചതാണ് യുക്രൈയിൻ വിമാനാപകടത്തിന് കാരണമായതെന്ന് ഇറാൻ പിന്നീട് തുറന്നു സമ്മതിക്കുകയായിരുന്നു. ഈ സാഹചര്യം മുൻനിർത്തിയാണ് ഇരകളുടെ കുടുംബങ്ങൾക്കു വേണ്ടി ശക്തമായി രംഗത്തിറങ്ങാനുള്ള അഞ്ച് രാജ്യങ്ങളുടെ കൂട്ടായ തീരുമാനം. യുക്രൈയിൻ, കാനഡ, ബ്രിട്ടൻ, സ്വീഡൻ, അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രിമാരാണ് ലണ്ടൻ യോഗത്തിൽ പങ്കെടുത്തത്. കൊല്ലപ്പെട്ടവരിൽ കൂടുതൽ ഇറാൻ, കാനഡ പൗരൻമാരാണ്. എൺപത് ഇറാനികളും 57 കാനഡ പൗരൻമാരും മരിച്ചവരിൽ ഉൾപ്പെടും.

സമഗ്രവും സ്വതന്ത്രവുമായ അന്താരാഷ്ട്രതല അന്വേഷണം, മൃതദേഹങ്ങൾ അടിയന്തരമായി കൈമാറൽ, ഉയർന്ന തുക നഷ്ടപരിഹാരം എന്നിവയാണ് യോഗം പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങൾ. കൈയബദ്ധമാണ് അപകടകാരണമെന്ന് പരസ്യമായി സമ്മതിച്ച ഇറാൻ, നടപടിയെ രാജ്യങ്ങൾ സ്വാഗതം ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും അന്താരാഷ്ട്ര സമൂഹവും ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങൾക്ക് ഇറാൻ ഉത്തരം നൽകണമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇറാന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടികൾ ഉണ്ടാകാത്ത പക്ഷം നിയമനടപടികളിലേക്കു നീങ്ങുന്ന കാര്യം അഞ്ചു രാജ്യങ്ങൾ വീണ്ടും യോഗം ചേർന്ന് തീരുമാനിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.