1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2020

സ്വന്തം ലേഖകൻ: കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തിലാണ് അമേരിക്ക. രണ്ടാം കൊവിഡ് തരംഗത്തിന്റെ സൂചനകളുണര്‍ത്തി മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു. ഇതോടെ കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി അമേരിക്ക. കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷമാവുകയും ചെയ്തു.

ഇപ്പോഴും ലോക്ഡൗണ്‍ ഒഴിവാക്കാനായി സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്കു മേല്‍ സമ്മര്‍ദം തുടരുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളും പല രീതിയില്‍ കോവിഡ് ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നുമുണ്ട്. പല തെക്കന്‍ സംസ്ഥാനങ്ങളിലും ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിക്കൊണ്ട് സ്ഥാപനങ്ങളും കടകളും തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

ബുധനാഴ്ച്ച മാധ്യമങ്ങളെ കണ്ടപ്പോഴും അമേരിക്കയിലെ കോവിഡ് മരണങ്ങളില്‍ നിശബ്ദത തുടരുകയാണ് ട്രംപ് ചെയ്തത്. പകരം ട്വിറ്ററിനെതിരെ ആക്രമണം നടത്തി വാര്‍ത്തകളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു ട്രംപ്. അമേരിക്കന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഗവേഷകര്‍ പോലും കോവിഡ് മൂലം 2.40 ലക്ഷം മരണങ്ങളുണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോഴും കോവിഡിനെ സാധാരണ ഫ്‌ളു ആയി കാണാനാണ് ട്രംപ് ശ്രമിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലെ ബീച്ചുകളിലും പൊതു സ്ഥലങ്ങളിലും വലിയ തോതില്‍ ആളുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയിലെ ഏറ്റവും അനുഭവസമ്പന്നനായ പകര്‍ച്ചവ്യാധി വിദഗ്ധനെന്ന വിശേഷണമുള്ള ഡോ. ആന്റണി ഫൗസി തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ‘മാസ്‌കില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നത് കാണുന്നുണ്ട്. ഇത് കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണം വിട്ട് പോകുന്നതിലേക്കേ എത്തിക്കൂ’ സി.എന്‍.എന്നിന് ബുധനാഴ്ച്ച നല്‍കിയ അഭിമുഖത്തിനിടെ ഫൗസി പറഞ്ഞു.

വെറും നാല് മാസത്തിലാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുന്നത്. ലോകമാകെ കോവിഡ് മരണം 3.50 ലക്ഷം കടന്നിട്ടുണ്ട്. കോവിഡ് ബാധിതരുടെ ആകെ എണ്ണം 56 ലക്ഷത്തിലേറെ ആവുകയും ചെയ്തു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം യൂറോപില്‍ 1.70 ലക്ഷത്തിലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
മരണം ഒരു ലക്ഷം കടന്നതിനു പുറമേ, ഒരു ലക്ഷം പകര്‍ച്ചവ്യാധികളാല്‍ നിറഞ്ഞ നാലാമത്തെ സംസ്ഥാനമായി കാലിഫോര്‍ണിയ മാറിയതും ഞെട്ടലുളവാക്കുന്നു. കാലിഫോര്‍ണിയയ്ക്കു പുറമേ, ഇല്ലിനോയിസ്, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് ഒരു ലക്ഷത്തോളം കൊറോണ രോഗികളുള്ളത്.

മിനിയാപൊളിസ് പ്രദേശം, വിസ്‌കോണ്‍സിന്‍, തെക്ക് ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ കൂടുതല്‍ കേസുകൾ. കാലിഫോര്‍ണിയ കൗണ്ടികളിലും കേസുകളുടെ എണ്ണം പെരുകുന്നു.

അതേസമയം ജോലിയില്ലാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പരിരക്ഷയും പേയ്‌മെന്റുകളും കൊടുക്കുന്നത് സർക്കാർ അവസാനിപ്പിച്ചു തുടങ്ങി. വാടകക്കാരുടെ ശമ്പളം കൂടുതലും ചെലവഴിക്കപ്പെടുന്നത് ഭവന ചെലവിലായിരുന്നു. സർക്കാർ സഹായം ഇല്ലാതാവുന്നതോടെ പലരും കുടിയൊഴിക്കപ്പെട്ടു പോകാന്‍ തയ്യാറായേക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.