1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2019

സ്വന്തം ലേഖകൻ: ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന കിലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാമതും ഖനനം നടത്താനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). പുരാന കിലയും മഹാഭാരതവും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ചിലത് മുന്‍പു നടത്തിയ ഖനനത്തില്‍ കണ്ടെത്തിയിരുന്നെന്നും അതിനു തുടര്‍ച്ചയാണ് ഇനി നടത്താന്‍ പോകുന്നതെന്നും ഒരു എ.എസ്.ഐ ഉദ്യോഗസ്ഥന്‍ ‘ദ പ്രിന്റി’നോടു പറഞ്ഞു.

എന്നാല്‍ രണ്ടാം ഖനനം അസ്വാഭാവികമാണെന്നായിരുന്നു എ.എസ്.ഐയ്ക്കുള്ളില്‍ത്തന്നെയുള്ള ചിലര്‍ അഭിപ്രായപ്പെട്ടതെന്ന് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. മഹാഭാരതത്തില്‍ പറയുന്ന പാണ്ഡവരുടെയും കൗരവരുടെയും തലസ്ഥാനമായ ഇന്ദ്രപ്രസ്ഥവുമായി പുരാന കിലയ്ക്കു ബന്ധമുണ്ടെന്നാണ് എ.എസ്.ഐ കരുതുന്നത്.

എന്നാല്‍ കഴിഞ്ഞവര്‍ഷം ആദ്യം അവസാനിച്ച ഖനനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ എ.എസ്.ഐയ്ക്കായില്ല. പുരാവസ്തു ഗവേഷകനായ വസന്ത് സ്വര്‍ണാകറായിരുന്നു ഈ ഖനനത്തിന്റെ തലവന്‍.

അടുത്ത ഖനനം എ.എസ്.ഐയിലെ സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് ബി.ആര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ്. അദ്ദേഹമാവട്ടെ, രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വിരമിക്കുകയും ചെയ്യും. ഖനനം ഒന്നരമാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് എ.എസ്.ഐ പറയുന്നത്. ഇതാണു പുതിയ ഖനനത്തില്‍ സംശയം പ്രകടിപ്പിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

ഖനനം പൂര്‍ത്തിയാകും മുന്‍പ് അതിന്റെ തലവന്‍ വിരമിച്ചാല്‍, വീണ്ടും പുതിയ ഖനനം നടത്തേണ്ടിവരും. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് ഒരു ഖനനത്തിനു വേണ്ടിവരിക. അപ്പോള്‍ സ്വാഭാവികമായും ഇപ്പോള്‍ നടത്താന്‍ പോകുന്ന ഖനനത്തില്‍ കാര്യമുണ്ടാകില്ലെന്ന അഭിപ്രായമാണ് എ.എസ്.ഐയിലെ മുതിര്‍ന്ന പുരാവസ്തു ഗവേഷകര്‍ക്കുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.