1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2020

സ്വന്തം ലേഖകൻ: യുഎൻ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി വിമര്‍ശിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ പ്രതിനിധി. കശ്മീര്‍ വിഷയം ഉന്നയിക്കുന്നതിനിടെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഊന്നിപ്പറഞ്ഞ് പാകിസ്താന് മറുപടി നല്‍കിയത്.

പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയക്ക് മറുപടി നല്‍കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് വ്യക്തമാക്കിയ മിജിതോ വിനിതോ ശക്തമായ ഭാഷയിലാണ് ഇമ്രാന്‍ ഖാന്റെ പ്രസംഗത്തോട് പ്രതികരിച്ചത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മു കശ്മീരില്‍ ഇന്ത്യനടത്തുന്ന നിയമനിര്‍മാണങ്ങള്‍ തീര്‍ത്തും ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ഇന്ത്യന്‍ പ്രതിനിധി പൊതു സഭയില്‍ വ്യക്തമാക്കി.

കശ്മീരിന്റെ ചില ഭാഗങ്ങള്‍ പാകിസ്താന്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് കശ്മീരുമായി ബന്ധപ്പെട്ട് ആകെ നിലനില്‍ക്കുന്ന തര്‍ക്കം. നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിയാനാണ് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെടുന്നത്- ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.

യുക്തിഭദ്രമായ ഒരു നിര്‍ദേശവും ലോകത്തിന് നല്‍കാനില്ലാത്തവന്റെ, സ്വയം ഒന്നും എടുത്തുകാട്ടാനില്ലാത്തവന്റെ നിഷ്ഫലമായ വായാടിത്തം മാത്രമാണ് ഇമ്രാന്‍ ഖാന്റേത്. നുണകളും തെറ്റായവിവരങ്ങളും യുദ്ധക്കൊതിയും മാത്രമാണ് ഈ പ്രസ്താവനയിലുള്ളത്. ഐക്യരാഷ്ട്ര സഭയുടെ അന്തസ്സിനെ ഹനിക്കുന്ന വാക്കുകളാണ് ഇമ്രാന്‍ ഖാന്റേതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറ് മണിക്ക് യുഎൻ ജനറല്‍ അസംബ്ലിയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. പാകിസ്താനും ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.