1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള രാജ്യവ്യാപക ലോക്ക് ഡൗണ്‍ കണക്കിലെടുത്ത്, 2018-19 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു. അതുപോലെ തന്നെ പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. 2020 ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പ്രകാരം, ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദായനികുതി നിയമത്തിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്.

2020 ബജറ്റില്‍ പ്രഖ്യാപിച്ചതു പോലെ പുതിയ നികുതി സ്ലാബുകള്‍ നിലവില്‍ വരുമെങ്കിലും, പഴയ നികുതി സ്ലാബുകളും തുടരുന്നതായിരിക്കും. ഇവയില്‍ ഏത് തിരഞ്ഞെടുക്കണമെന്നത് ഒരു വ്യക്തിയുടെ തീരുമാനമായിരിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി നിരക്കുകള്‍ പ്രകാരം, 2.5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയുണ്ടാവില്ല. 2.5 ലക്ഷത്തിനും 5 ലക്ഷം രൂപയ്ക്കും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 5% നികുതി, 5-7.5 ലക്ഷം രൂപയ്ക്ക് 10% ശതമാനം, 7.5-10 ലക്ഷം രൂപയ്ക്ക് ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 15%, 10-12.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20%, 12.5-15 ലക്ഷം വരെ വരുമാനത്തിന് 25%, 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30% എന്നിങ്ങനെയാണ് പുതിയ വ്യവസ്ഥയിലെ നികുതി നിരക്കുകള്‍.

എന്നാല്‍, താരതമ്യേന കുറഞ്ഞ നികുതി നിരക്കുകളുള്ള പുത്തന്‍ വ്യവസ്ഥക്ക് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് കിഴിവുകള്‍, വകുപ്പ് 80 സി പ്രകാരമുള്ള ഇളവുകള്‍, ഭവന വാടക അലവന്‍സിലെ ഇളവുകള്‍, ലീവ് ട്രാവല്‍ അലവന്‍സ് (എല്‍ടിഎ), ഭവന വായ്പക്ക് നല്‍കുന്ന പലിശയുടെ കിഴിവ് എന്നിവ ഒരു നികുതിദായകന് ലഭ്യമായിരിക്കുകയില്ല. ഒരു വ്യക്തി പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണോ അതോ പഴയത് തിരഞ്ഞെടുക്കണോ എന്ന് അവരവരുടെ സാഹചര്യം കണക്കിലെടുത്തായിരിക്കണമെന്നാണ് നികുതി വിദഗ്ധര്‍ പറയുന്നത്.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ആഭ്യന്തര കമ്പനികളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിനുള്ള നികുതി സ്വീകര്‍ത്താക്കളുടെ കൈയില്‍ നിന്ന് ഈടാക്കുന്നതായിരിക്കും. ഉദാഹരണത്തിന്, സ്വീകര്‍ത്താക്കള്‍ക്ക് അവരുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് അവരുടെ സ്ലാബ് നിരക്കില്‍ നികുതി ചുമത്തുന്നതാണ്. നേരത്തെ, ലാഭവിഹിതം സ്വീകര്‍ത്താക്കളുടെ കൈകളില്‍ നികുതിരഹിതമായിരുന്നെങ്കിലും മ്യൂച്വല്‍ ഫണ്ടുകള്‍ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ നികുതി (ഡിഡിടി) 11.2%, ഇക്വിറ്റി ഓറിയന്റഡ് ഫണ്ടുകള്‍ക്ക് 29.12% എന്നിങ്ങനെ കുറച്ചിരുന്നു.

ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നികുതി വ്യവസ്ഥ, ഉയര്‍ന്ന നികുതി ബ്രാക്കറ്റുകളിലുള്ള നിക്ഷേകരുടെ നികുതി ഭാരം വര്‍ദ്ധിപ്പിക്കും. അതേസമയം, കുറഞ്ഞ നികുതി പരിധിയിലുള്ളവര്‍ക്ക് ഇത് ഗുണകരമായിരിക്കും. എങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകന് ലഭിക്കുന്ന ലാഭവിഹിതം 5,000 രൂപയില്‍ കവിഞ്ഞാല്‍ 10 ശതമാനം ടിഡിഎസ് ഈടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

എന്‍പിഎസ്, സൂപ്പര്‍ആനുവേഷന്‍ ഫണ്ട്, ഇപിഎഫ് എന്നിവയ്ക്കായി തൊഴിലുടമയുടെ സംഭാവന ഒരു വര്‍ഷത്തില്‍ 7.5 ലക്ഷം രൂപയില്‍ കവിയുകയാണെങ്കില്‍, ഇതിന് ജീവനക്കാരന്റെ കയ്യില്‍ നിന്ന് നികുതി ചുമത്തുന്നതയാിരിക്കും. ആദായനികുതി നിയമത്തിലെ ഈ മാറ്റം പഴയതും പുതിയതുമായ നികുതി വ്യവസ്ഥകളില്‍ ബാധകമാകും. ഒരു വ്യക്തി പുതിയ നികുതി സ്ലാബുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ജീവനക്കാരന്റെ എന്‍പിഎസ് അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ സംഭാവനയ്ക്ക് ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നതാണ്.

നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ എന്‍പിഎസ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുകയാണെങ്കില്‍, ഏതെങ്കിലും പരിധി പരിഗണിക്കാതെ ശമ്പളത്തിന്റെ 10% വരെ (ബേസിക്+ഡിഎ) വകുപ്പ് 80 സിസിഡി (2) പ്രകാരം ആദായനികുതി കിഴിവ് നേടാന്‍ യോഗ്യമാണ്. കേന്ദ്ര സര്‍്കകാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 14 ശതമാനം വരെ കിഴിവ് നേടാവുന്നതാണ്. മറ്റുള്ളവര്‍ക്കുള്ള പരിധി 10 ശതമാനമാണ്.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക്, ഈ വാങ്ങുന്ന വീട് 45 ലക്ഷം രൂപ വരെയാണെങ്കില്‍ ഇതിന് അധിക നികുതി ആനുകൂല്യം ലഭിക്കുന്നതിനുള്ള തീയതി 2021 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. 45 ലക്ഷം രൂപവരെ വീട് വാങ്ങാന്‍ വായ്പയെടുത്തവര്‍ക്ക്, നിലവിലുള്ള 2 ലക്ഷം രൂപയുടെ കിഴിവിന് പുറമെ പലിശ്ക്ക് 1.5 ലക്ഷം രൂപ അധിക നികുതിയിളവ് ലഭിക്കാനും അര്‍ഹതയുണ്ട്.

സ്റ്റാര്‍ട്ടപ്പുകളിലെ ജീവനക്കാര്‍ക്ക് ആശ്വാസകരമായി ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നികുതി വ്യവസ്ഥ, ജീവനക്കാരുടെ ഓഹരി ഉടമസ്ഥാവകാശ പദ്ധതി പ്രകാരം അനുവദിച്ച ഷെയറുകളില്‍ നികുതി അടയ്ക്കുന്നത് മാറ്റിവെക്കാന്‍ അനുവദിക്കുന്നു. ജോലി അവസാനിപ്പിക്കല്‍ അല്ലെങ്കില്‍ ഷെയറുകളുടെ വില്‍പ്പന എന്നിവക്ക് ശേഷം 48 മാസം വരെ നികുതി അടയ്ക്കുന്നുത് മാറ്റിവെക്കാന്‍ പുതിയ നികുതി വ്യവസ്ഥ അനുവദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.