1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2020

സ്വന്തം ലേഖകൻ: സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം.

അതിർത്തി മേഖലകളിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കൽ നടത്തി. ചൈനീസ് യുദ്ധവിമാനങ്ങളും അതിർത്തിയോടു ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ട്. കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശിച്ച നരവനെ, അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.

ചൈനയ്ക്കിരെ അമേരിക്ക–യൂറോപ്പ് സംയുക്ത നീക്കം. ഇന്ത്യയടക്കം ലോകരാജ്യങ്ങളുമായി ചൈനയുണ്ടാക്കുന്ന കുഴപ്പങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ വ്യക്തമാക്കി. വിവിധഭാഗങ്ങളിലുള്ള യുഎസ് സൈനിക വിന്യാസം പുനപരിശോധിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഇന്ത്യാ, ചൈന തര്‍ക്കത്തില്‍ അമേരിക്ക സൈനികമായി ഇടപെടാനൊരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ് പോംപിയോയുടെ പ്രഖ്യാപനം.

ഇന്ത്യയില്‍ അതിര്‍ത്തിയില്‍ മാത്രമല്ല സൗത്ത് ചൈനാ ഉള്‍ക്കടലില്‍ വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ചൈന ഭീഷണിയായി മാറുകയാണെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുമായുള്ള ചൈനയുടെ പ്രശ്‌നങ്ങളെ അമേരിക്ക വിലയിരുത്തി വരികയാണ്. അടിസ്ഥാന പരമായി അതിന് ഒരു ഭീഷണിയുടെ സ്വഭാവമാണുള്ളത്. അപകടകരമായ ഈ അതിര്‍ത്തി തര്‍ക്കത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ചുട്ട മറുപടി ലഭിക്കുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ ഉറപ്പു വരുത്തും. ചില മേഖലകളില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം വേണ്ടത്ര ഇല്ലായിരിക്കാം. അത്തരം പ്രദേശങ്ങളിലേക്ക് മറ്റു മേഖലകളിലെ സൈന്യത്തെ പുനര്‍വിന്യസിക്കുന്നതടക്കം അമേരിക്ക അലോചിച്ചു വരികയാണെന്നും പോംപിയോ അറിയിച്ചു.

ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ജനതക്കു തന്നെ ചൈന ഭീഷണിയായി മാറി കഴിഞ്ഞു. ഡൊണള്‍ഡ് ട്രംപ് ഭരണകൂടമാണ് ഇതാദ്യമായി ചൈനയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ച യു.എസ് ഭരണകൂടം. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി ചൈനയാണെന്നും അതിനെ ഫലപ്രദമായി നേരിടാനായി സ്വന്തം സൈനിക ശേഷിയെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താനാവുമെന്ന് അമേരിക്ക പഠിച്ചു വരികയാണെന്നും പോംപിയോ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.