1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2020

സ്വന്തം ലേഖകൻ: സംഘർഷം ലഘൂകരിക്കുമെന്ന് അവകാശപ്പെടുന്നതിനിടെ അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്.

ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് 10,000 ത്തിനു മുകളിലാണ് മേഖലയിലെ സൈനികരുടെ എണ്ണം. നൂറു കണക്കിന് ട്രക്കുകളും സൈനിക വാഹനങ്ങളും ഇവരോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഒരു ഭാഗത്ത് കുറ്റപ്പെടുത്തുകയും ഇന്ത്യൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയുമാണ് നിലവിൽ ചൈന ചെയ്യുന്നത്. അന്താരാഷ്ട്ര കരാറുകൾ ഇന്ത്യയാണ് ലംഘിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനുള്ള മറുപടി എന്നോണം പുറത്തിറക്കിയ ഒടുവിലത്തെ വാർത്താ കുറിപ്പിൽ ചൈന ആരോപിക്കുന്നുണ്ട്.

സംഘർഷം ലഘൂകരിക്കാൻ ധാരണയിലെത്തിയതായി ഇരു രാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും സുദീർഘമായ പ്രക്രിയ ആയിരിക്കും അതെന്നാണ് ചൈനയുടെ നടപടി ക്രമങ്ങളും നിലപാടും വ്യക്തമാക്കുന്നത്.

അതിനിടെ മറ്റൊരു തന്ത്രപ്രധാനമായ ദെപ്‌സാങ് സമതലത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന് ചൈനീസ് സൈന്യം. തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ കൈയ്യേറ്റം എന്നാണ് സൂചന.

പ്രധാനപ്പെട്ട ദൗലത്താ ബെഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രിപ്പിന് 30 കിലോമീറ്റര്‍ തെക്ക്-കിഴക്കായിട്ടാണ് ചൈനീസ് സൈന്യം കയ്യേറ്റം നടത്തുകയും ധാരാളം സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുള്ളത്. ദെപ്‌സാങ് സമതലത്തിലെ കുപ്പിക്കഴുത്ത് പോലുള്ള വൈ-ജംഗ്ഷനിലാണ് സൈന്യം തമ്പടിച്ചത്. സൈനികര്‍, യുദ്ധ വാഹനങ്ങള്‍, സൈനികോപകരണങ്ങള്‍ എന്നിവ ചൈന വിന്യസിച്ചിട്ടുണ്ട്.

2013 ഏപ്രിലില്‍ ചൈനീസ് സൈന്യം ഇവിടം കയ്യേറിയിരുന്നു. ഇരുവശത്തേയും സൈനികര്‍ മുഖാമുഖം മൂന്നാഴ്ചയോളം നില്‍ക്കുകയും നയതന്ത്രതലത്തിലെ ചര്‍ച്ചകളെ തുടര്‍ന്ന് പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ചൈനീസ് സംഘത്തിന് 1.5 അകലെയുള്ള വഴിയിലൂടെ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.