1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: അതിർത്തിയിൽ പാങ്ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിൽക്കുകയാണ്. നിയന്ത്രണരേഖയിൽ നിന്ന് അവരവരുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണ രേഖയിലുടനീളം ചൈന 50,000 സൈനികരെയും നിരവധി പോര്‍വിമാനങ്ങൾ, മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

പീപ്പിൾസ് ലിബറേഷൻ ആർമി (ചൈനീസ് സൈന്യം) ലഡാക്ക് ഭാഗത്തേക്കു കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളും എത്തിക്കുകയാണെന്നു ചൈനീസ് ഒൗദ്യോഗിക മാധ്യമം തന്നെ വെളിപ്പെടുത്തിയിരുന്നു.

ടാങ്കുകൾ അടക്കമുള്ള സൈനിക വാഹനങ്ങളും പാരാ ട്രൂപ്പർമാർ, പ്രത്യേക സൈനികർ, കാലാൾപ്പട എന്നിവരടക്കമുള്ള സൈനികരെയും അതിർത്തിയിലേക്ക് മാറ്റുകയാണെന്നും റിപ്പോർട്ടിലുണ്ട്. എച്ച്–6 യുദ്ധവിമാനങ്ങളും വൈ–20 ചരക്കു വിമാനങ്ങളും ടിബറ്റൻ ഭാഗത്ത് കൊണ്ടുവന്നുവെന്നും റിപ്പോർട്ട് പറയുന്നു. യുദ്ധകാലത്തു മാത്രം നടത്തുന്ന സൈനിക നീക്കങ്ങൾക്കു സമാനമാണിതെന്നാണു വിലയിരുത്തൽ.

അതേസമയം, എൽ‌എസിക്ക് മുന്നിലുള്ള ഫോർ‌വേഡ് പോസ്റ്റുകൾ‌ക്ക് ചുറ്റുമുള്ള പരിധി ലംഘിക്കാനുള്ള ഏതൊരു ശ്രമവും ശത്രുതാപരമായ നടപടിയായി കണക്കാക്കുമെന്നും കരസേന പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമായി ചൈനയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ചൈന 50,000 സൈനികരെ വിന്യസിച്ചു എന്നാണ്. ഇതോടൊപ്പം കരയിൽ നിന്ന് വായുവിലേക്ക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സംവിധാനം, വലിയൊരു വിഭാഗം ടാങ്കുകൾ, 150 ഓളം യുദ്ധവിമാനങ്ങൾ എന്നിവ എൽ‌എസിയുടെ ദൂരപരിധിക്കുള്ളിൽ ചൈന വിന്യസിച്ചിട്ടുണ്ട്.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 71–ാം ഗ്രൂപ്പിൽനിന്ന് എച്ച്ജെ 10 ആന്റി ടാങ്ക് മിസൈൽ സംവിധാനങ്ങളും അതിർത്തിയിൽ എത്തിക്കഴിഞ്ഞുവെന്നു ചൈന സെൻട്രൽ ടെലിവിഷനും പറയുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിനു കീഴിൽ വരുന്ന ഭാഗമാണ്. ചൈനീസ് സൈന്യത്തിന്റെ ഏറ്റവും വലിയ കമാൻഡ് ആണിത്. ഇപ്പോൾ ലഡാക്കിൽ ചൈനയുടെ 150 യുദ്ധവിമാനങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.