1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2020

സ്വന്തം ലേഖകൻ: അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു. ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് രാജ്നാഥ് സിം​ഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യാ-ചൈന അതിർത്തിയിൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിന് നയതന്ത്ര തലത്തിൽ തുറന്ന ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ ഇന്ത്യയുടെ അന്തസ്സിന് കോട്ടം തട്ടാൻ അനുവദിക്കില്ലെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഴാവോ ലീജിയന്റെ പ്രതികരണം. ഇരുരാജ്യങ്ങളുടെയും തലവന്മാരുടെ പൊതുഅഭിപ്രായം അനുസരിച്ചായിരിക്കും ചൈന കാര്യങ്ങൾ നടപ്പിലാക്കുക. അതിർത്തിയിൽ ചൈനയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പിക്കാൻ ഞങ്ങൾ ബാധ്യസ്ഥരുമാണ്. ഴാവോ ലീജിയൻ പറഞ്ഞു.

അതിനിടെ, ഇന്ത്യാ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിരുന്നു. അതിർത്തിയിലെ പ്രശ്നങ്ങളോട് ചേർത്ത് വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നലുളളത് ദുരുദ്ദേശ്യമാണ്. നിലവിൽ യാതൊരു ആക്രമണങ്ങളും അവിടെയില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചകളിലൂടെ സമവായം കണ്ടെത്താനാണ് ശ്രമിക്കുന്നത്. മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ഇതിനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങളെക്കുറിച്ച് ചിലർ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നു. അതിർത്തിയിലെ പ്രശ്നങ്ങൾ വഷളാക്കാൻ മാത്രമേ ഇത്തരം പ്രചാരണങ്ങൾ കൊണ്ട് കഴിയൂ. ഇത്തരം വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് ശക്തമായി പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാംപയിന്‍. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ജനപ്രിയ യോഗ ഗുരു ബാബ രാംദേവ് അടക്കമുള്ളവരുടെ ആഹ്വാനം പ്രമുഖര്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ ബോയ്‌ക്കോട്ട് മെയ്ഡ് ഇന്‍ ചൈന, ബോയ്‌ക്കോട്ട് ചൈനീസ് പ്രൊഡക്ട് എന്നീ ഹാഷ്ടാഗിലുള്ള 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ട്വിറ്ററില്‍ തരംഗമായി മാറി.

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം ഇന്ത്യയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും ബാബ രാംദേവ് ആഹ്വാനം ചെയ്തു. തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അദ്ദേഹം രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു. രാംദേവിന്റെ ട്വീറ്റിന് 35,000 ലൈക്കുകളും പതിനൊന്നായിരം റിട്വീറ്റുകളുമായി മികച്ച പ്രതികരണമാണ് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.