1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2019

സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇത് അഞ്ച് ശതമാനമായിരുന്നു. രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 4.7 ശതമാനമായിരിക്കുമെന്നാണ് റോയിട്ടേഴ്‌സിന്‍റെ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്. മുന്‍ വര്‍ഷം സമാന പാദത്തിന്‍റെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനം ആയിരുന്നു. പിന്നീട് ഒക്ടോബര്‍ -ഡിസംബര്‍ കാലയളവില്‍ ഇത് 6.6 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു, 2018- 19 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്കും താഴ്ന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി പാദ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി.അഞ്ചിന് താഴേക്ക് ഇടിവുണ്ടാകുന്നത് രാജ്യം വളർച്ചാ മാന്ദ്യത്തിന്‍റെ പിടിയിലാണെന്നതിന്‍റെ സൂചനയാണെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2013 ലെ ആദ്യ പാദത്തിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2013 ജനുവരി- മാര്‍ച്ചില്‍ വളര്‍ച്ചാ നിരക്ക് 4.3 ശതമാനമായിരുന്നു.

രാജ്യത്ത് ഇപ്പോള്‍ ദൃശ്യമാകുന്നത് വളര്‍ച്ചാ മുരടിപ്പാണെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്നും അവര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. “നിങ്ങൾ യഥാർത്ഥത്തിൽ സമ്പദ്‌വ്യവസ്ഥയെ വിവേകപൂർണ്ണമായ വീക്ഷണത്തോടെ നോക്കുകയാണെങ്കിൽ, വളർച്ച കുറഞ്ഞുവെന്ന് കാണാം, പക്ഷേ ഇത് ഇതുവരെ മാന്ദ്യമല്ല അല്ലെങ്കിൽ അത് ഒരിക്കലും മാന്ദ്യമാകില്ല”. നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.