1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2020

സ്വന്തം ലേഖകൻ: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു.

അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്‍ വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുടെ സെറ്റിലും ഇത്തരത്തില്‍ ക്രെയിന്‍ മറിഞ്ഞ് അപകടം നടന്നിരുന്നു.

അപകടത്തില്‍ മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്‍ ഹാസന്‍. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമല്‍ സഹായധനം പ്രഖ്യാപിച്ചത്.

മരണത്തിന്റെ നഷ്ടം നികത്താന്‍ ഒരു സഹായധനത്തിനും ആവില്ലെന്നും മരണപ്പെട്ട മൂന്ന് ചലച്ചിത്രപ്രവര്‍ത്തകരുടെയും സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

“എന്റെ കുടുംബത്തിന് സംഭവിച്ച നഷ്ടം പോലെയാണ് ഈ മരണങ്ങളെ നോക്കിക്കാണുന്നത്. സിനിമാസെറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ മനുഷ്യര്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിന്റെ ആവശ്യകതയിലേക്കാണ് ഈ ദുരന്തം വിരല്‍ ചൂണ്ടുന്നത്. എങ്കില്‍ മാത്രമേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ,” കമല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.