1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ കുടുങ്ങിയത്. ഈ സാഹചര്യത്തില്‍ യുഎഇയില്‍ സാധുതയുള്ള റെസിഡന്‍സ് വിസയോ വര്‍ക്ക് പെര്‍മിറ്റോ ഉള്ള ഇന്ത്യക്കാര്‍ക്കായി ഏതാനും വിമാന സര്‍വീസ് നടത്താന്‍ യുഎഇ ആലോചിക്കുന്നു. ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വെബിനാറിലാണ് അഹമ്മദ് അല്‍ ബന്ന ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ സാധുവായ വിസയും വര്‍ക്ക് പെര്‍മിറ്റും ഇള്ള നിരവധി ഇന്ത്യക്കാര്‍ ഉണ്ട്. ഇവര്‍ക്ക് എപ്പോള്‍ യുഎഇയിലേക്ക് മടങ്ങാന്‍ കഴിയും എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെകുറിച്ച് യുഎഇ അംബാസിഡര്‍ പ്രതികരിച്ചത്.

യുഎഇയിലല്ല പ്രശ്നം. പ്രശ്നം യഥാർത്ഥത്തിൽ, അല്ലെങ്കിൽ അതിന്‍റെ കേന്ദ്രം ഇന്ത്യയിലാണ്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കായി തങ്ങളുടെ വിമനത്താവളങ്ങള്‍ തുറന്നു കൊടുക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. വിദേശ വിമാനക്കമ്പനികളെ രാജ്യത്തേക്ക് സര്‍വ്വീസ് നടത്താന്‍ ഇന്ത്യ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇ വിദേശകാര്യ മന്ത്രാലയം സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി (MOCA) ഇക്കാര്യങ്ങള്‍ സംസാരിക്കുകയും ആലോചിക്കുകയും ചെയ്യുന്നുണ്ട്. വളരെ വേഗം, ഞങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. കൂടാതെ സാധുവായ റെസിഡൻസി, വർക്ക് പെർമിറ്റ് എന്നിവയുള്ള ഇന്ത്യയിലുള്ള ഐസി‌എ (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) അംഗീകാരവും കൊവിഡ് -19 പി‌സി‌ആറും കൈവശമുള്ള ഇന്ത്യക്കാർക്കായി ചില സര്‍വ്വീസുകള്‍ നടത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാരികളേയും താമസക്കാരെയും രണ്ട് നിബന്ധനകളോടെ യുഎഇയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഞങ്ങൾ അനുമതി നല്‍കുന്നത്. അവർക്ക് ഒരു ഐസി‌എ അംഗീകാരം ആവശ്യമാണെന്നാണ് ആദ്യത്തെ കാര്യം. ഇതിനായി ഓൺലൈനായി അപേക്ഷിക്കണം. ഇത് വളരെ ലളിതമാണ്. എല്ലാ രേഖകളും സമര്‍പ്പിക്കുന്നതോടെ അവർക്ക് ഐസി‌എ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയിൽ എത്തിയ തീയതി മുതൽ 96 മണിക്കൂറിനുള്ളില്‍ കൊവിഡ് -19 പിസിആർ പരിശോധന വേണമെന്നതാണ് രണ്ടാമത്തെ കാര്യം.

അതേസമയം, യുഎഇയിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം വിലക്കേര്‍പ്പെടുത്തുക കൂടി ചെയ്തതോടെ പ്രവാസികളുടെ ആശങ്ക വര്‍ധിച്ചു. വെള്ളിയാഴ്ച വരെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള എയര്‍ലൈന്‍സുകളുടെ അപേക്ഷയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളിയത്. ഇതിന് ശേഷം സര്‍വീസ് നടത്താനുള്ള അപേക്ഷകളില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

എന്താണ് അപേക്ഷ നിഷേധിക്കാനുള്ള കാരണം എന്നതും വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ അടക്കം യുഎയിലേക്ക് എത്താൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ നിലപാട്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് നിരവധി വിമാനങ്ങൾ പറക്കേണ്ടതായിരുന്നു.

അതിനിടെ ഈ മാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ടിക്കറ്റെടുക്കാം. യാത്രക്കാർ യു എ ഇയിലേക്ക് മടങ്ങാൻ ഐസിഎ യുടെ അനുമതി ലഭിച്ചവരായിരിക്കണം.

യു എ ഇ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ ഈ വിമാനങ്ങളിൽ യാത്ര അനുവദിക്കില്ല. ഈമാസം 12 മുതൽ 26 വരെ 15 ദിവസത്തേക്കാണ് ഈ സൗകര്യം പ്രഖ്യാപിച്ചിട്ടുള്ളത്. 96 മണിക്കൂറിനിടയിൽ നടത്തിയ പിസിആർ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവ് ആണെന്ന പരിശോധനഫലവും യാത്രക്ക് ആവശ്യമാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.